19/01/2014

മഹാത്മാ അയ്യങ്കാളി - The Great Ayyankali


അധസ്ഥിതന്റെ അത്മവീര്യം പ്രചോദിപ്പിച്ച ശ്രീ. അയ്യന്‍കാളി. അദ്ദേഹത്തിന്റെ നൂറ്റമ്പതാം ജന്‍മവാര്‍ഷികത്തില്‍ സ്മരണാഞ്ജലി അര്‍പ്പിക്കുന്നു...

അകറ്റപ്പെട്ടവരുടെ അകമറിഞ്ഞ ഒരാള്‍ ~ രമേശ് ബാബു

''എങ്ങാനീ പോയാലും വെങ്ങാനീ പോവല്ല് 
വെങ്ങാനീ പോയാ ചങ്ങാതിയെ കിട്ടും''

തിരുവനന്തപുരം നഗരത്തില്‍ നിന്നും 15 കി മി തെക്കുമാറി വിഴിഞ്ഞത്തിനും കോവളത്തിനും സമീപസ്ഥലമായ വെങ്ങാനൂരിനെക്കുറിച്ചാണ് വിരോധാഭാസം പോലുള്ള ഈ പഴമൊഴി. - എങ്ങുപോയാലും വെങ്ങാനൂരില്‍ മാത്രം പോകരുത്. വെങ്ങാനൂരില്‍ പോയാല്‍ ചങ്ങാതിയെക്കിട്ടും. പോകുന്ന വഴിയില്‍ ചങ്ങാതിയെ കിട്ടുന്നത് നല്ല കാര്യമല്ലേ? എന്നാല്‍ ഈ മൊഴിയുടെ ഉല്പത്തിയും അകംപൊരുളുമറിയുമ്പോഴേ അതിലെ അര്‍ഥവൈപരീത്യം മനസ്സിലാകൂ. അത് വെങ്ങാനൂരിന്റെയും ഹീനജാതിയെന്നു മുദ്രകുത്തപ്പെട്ട കേരളത്തിലെ അധഃസ്ഥിത ജനതയുടെയും ഉയര്‍ത്തെഴുന്നേല്പിന്റെയും ചരിത്രമാണ്.

അധഃകൃതജനവിഭാഗത്തെ ഉയര്‍ന്ന ജാതിക്കാരായ ജന്മികളും സമ്പന്ന ഭൂവുടമകളും തികച്ചും അടിമകളാക്കിവെച്ചിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാദം. ജീവിതം ജന്മിയുടെ നെല്‍ച്ചെടികള്‍ക്കും തെങ്ങിനും ഹോമിച്ച് ആരോരുമറിയാതെ ലോകത്തോട് വിടപറയാനായിരുന്നു അധഃകൃതന് വിധി. ഉയര്‍ന്ന ജാതികളുമായി 92 ഉം 72 ഉം അടി തീണ്ടാപ്പാടു സൂക്ഷിക്കേണ്ടിയിരുന്ന അധഃകൃതരെ ഉടമസ്ഥന്‍മാര്‍ക്ക് സ്ഥാവരജംഗമ വസ്തുക്കള്‍ പോലെ ക്രയവിക്രയം ചെയ്യുന്നതിന് ഒരു തടസ്സവും  ഉണ്ടായിരുന്നില്ല. സവര്‍ണ്ണന്റെ ദൃഷ്ടി വീഴാതിരിക്കാന്‍ 'ഞ്ചാവോ.. ഞ്ചാവോ..' എന്ന് വിളിച്ചുകൂവിവേണം നടപ്പാതകളിലൂടെ സഞ്ചരിക്കാന്‍. തങ്ങളുടെ ദൈന്യതയില്‍ മനംനൊന്ത് മാടത്തിന്‍ മുന്നില്‍ ഉരലിടിക്കുന്ന പുലയിയുടെ ആത്മഗതങ്ങള്‍ നാടന്‍പാട്ടുകളായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

'എന്തപ്പകൊണ്ടു വറുത്തിടിക്കിന
കലത്തിലിട്ടു പൊരിച്ചിടിക്കിന
അവലുകൊള്ളാമേ തമ്പ്രാക്കളുക്കു
എന്നെ കാണുമ്പം ഛര്‍ദിലിയാണ്...'

മാമൂലുകളെയും ദുരാചാരങ്ങളെയും തകര്‍ത്തെറിയാന്‍ കാലം നിയോഗിച്ച ഒരുവന് കണ്‍വെട്ടത്തെ ദുരന്ത ചിത്രങ്ങള്‍ കണ്ടുനില്‍ക്കാനായില്ല.
1893 - ല്‍ കൊമ്പുകളില്‍ കിന്നരിതൊപ്പിയിട്ട കാളകൂറ്റന്‍മാരെ കെട്ടിയ ഒരു പുതിയ വില്ലുവണ്ടി വെങ്ങാനൂരിലെ തെരുവീഥികളില്‍ ഓട്ടുമണി കിലുക്കി കുതിച്ചോടി. വണ്ടിതെളിക്കാന്‍ ആരോഗ്യദൃഢഗാത്രനും സുന്ദരനുമായ രസികന്‍ കൊച്ചപ്പി, പിറകില്‍ ആജാനബാഹുവും ആരെയും കൂസാത്ത മുഖഭാവവുമായി നിശ്ചയദാര്‍ഡ്യത്തോടെ ഒരു പുലയ യുവാവും. വണ്ടിക്കാളകളുടെ കുടമണി കേട്ട് ഗ്രാമമുണര്‍ന്നു. ആര്‍പ്പുവിളികളും പ്രഹര്‍ഷങ്ങളുമായി വണ്ടി നീങ്ങവെ വഴിയില്‍പതിയിരുന്ന മേലാള സംഘം മുന്നില്‍ ചാടി വീണു. യുവാവിനോട് തലക്കെട്ടഴിച്ച് താഴെയിറങ്ങാന്‍ ആജ്ഞാപിച്ചു. കയ്യിലെ കത്തി ഉയര്‍ത്തി പ്രത്യുത്തരം നല്‍കിയ യുവാവിന്റെ ചങ്കൂറ്റം മേലാളരെ തല്‍ക്കാലം പിന്‍വാങ്ങിപ്പിച്ചു. 

അഭിമാനത്തിന് ക്ഷതമേറ്റ സവര്‍ണ്ണ സമൂഹം യുവാവിന്റെ തലയ്ക്കു വിലപേശി. കരമനയിലുള്ള മമ്മൂഞ്ഞ് എന്ന ഗുണ്ടയെ യുവാവിനെയും സാരഥിയെയും ദേഹോപദ്രവമേല്‍പിക്കാന്‍ ശട്ടം കെട്ടി. മണക്കാടിനടുത്തുവെച്ച് വില്ലുവണ്ടിയെ ആക്രമിച്ച മമ്മൂഞ്ഞിന് പക്ഷേ സാരഥിയായ രസികന്‍ കൊച്ചപ്പിയെ മാത്രമെ കിട്ടിയുള്ളൂ. ഇതിനിടയില്‍ യുവാവ് കഴക്കൂട്ടത്തേക്ക് യാത്രമാറ്റിയിരുന്നു. അരിശം പൂണ്ട മമ്മൂഞ്ഞ്, കൊച്ചപ്പിയെ ശരിക്കും പെരുമാറി. 'പെരുമാറല്‍' ഏറ്റുവാങ്ങിയ കൊച്ചപ്പി അവസരം കാത്തിരുന്നു. ഉദ്ദിഷ്ടകാര്യത്തിന് വെങ്ങാനൂരിലെ ശുദ്രരില്‍ നിന്ന് വേതനം പറ്റാന്‍ വിഴിഞ്ഞം വഴി വെങ്ങാനൂരിലെത്തിയ മമ്മൂഞ്ഞിനെ രസികന്‍ കൊച്ചപ്പി സ്വതസിദ്ധമായ രസികതയോടെ എതിരേറ്റു. ഉടുതുണിയില്ലാതെ കരമനയിലേക്ക് ജീവനുംകൊണ്ട് ഓടേണ്ടി വന്ന മമ്മൂഞ്ഞിന്റെ പില്‍ക്കാല മൊഴിയത്രേ-

എങ്ങാനും പോയാലും വെങ്ങാനിപോകല്ല്, വെങ്ങാനീ പോയാ ചങ്ങാതിയെ (തല്ല്) കിട്ടും.

രസികന്‍ കൊച്ചപ്പിയുടെ വില്ലുവണ്ടി സവര്‍ണ്ണ മേധാവിത്തത്തിന്റെ ചുറ്റമ്പലത്തിലും അകത്തളത്തിലും കുടുങ്ങികിടന്ന ചരിത്രത്തിനു മുകളിലൂടെ കുടമണികിലുക്കി പിന്നെയും ഓടിക്കൊണ്ടിരുന്നു.

കേരളത്തിലെ അധഃകൃതന്റെ സംസ്‌കൃതിയെ ഉണര്‍ത്തുവാനായി കൊച്ചപ്പിയുടെ സാരഥ്യത്തില്‍ വില്ലുവണ്ടിയേറി വന്നവന്‍ വര്‍ണ്ണവെറിയന്‍ മേലാളന്മാര്‍ അടിച്ചമര്‍ത്തിയ കീഴാള ജനതയുടെ മര്‍ദ്ദിതവീര്യത്തെ തുയിലുണര്‍ത്തി കടന്നുപോയപ്പോള്‍ ഊര്‍ജ്ജമുള്‍ക്കൊണ്ട് അവര്‍ പാടി.

'ഇന്നുമീ കുരുക്ഷേത്രവര്‍ണ്ണ സങ്കരഭൂവില്‍

നിന്നുയിര്‍ക്കൊള്ളും പാഞ്ചജന്യമാണയ്യന്‍കാളി'

പനങ്ങോട് ഊറ്റിറത്തു ഗോവിന്ദപിള്ള എന്ന ജന്മിയുടെ കുടിയാനായ അയ്യനും മാലയ്ക്കും 1039 ചിങ്ങം 14-ാം തീയതി (28-08-1863) വെള്ളിയാഴ്ച ഒരുണ്ണി പിറന്നു. അവിട്ടം നക്ഷത്രത്തിന്റെ ജാതകഫലവുമായി പെരുങ്കാറ്റുവിള പ്ലാവറവീട്ടില്‍ പിറന്ന ഉണ്ണിയെ അയ്യനും മാലയും കാളിയെന്ന ഓമനപേരിട്ടു വിളിച്ചു. എല്ലാവിധമായ പീഡനങ്ങള്‍ക്കും വിധേയരായി നൂറ്റാണ്ടുകളോളം അടിമത്തം അനുഭവിച്ചുവന്ന പുലയ സമുദായത്തിലാണ് താന്‍ പിറന്നു വീണതെന്ന് പിച്ചവച്ചു തുടങ്ങിയപ്പോള്‍ ഉണ്ണിയും അറിഞ്ഞില്ല. കാരണം ഊറ്റിറത്തു ഗോവിന്ദപ്പിള്ളയും കാളിയുടെ അച്ഛനും തമ്മിലുള്ള ബന്ധം കേവലം ജന്‍മികുടിയാന്‍ ബന്ധമായിരുന്നില്ല. 

കാലം നീളവേ കാളിവളര്‍ന്നു. ജനം അവനെ അയ്യന്‍കാളിയെന്നു വിളിച്ചു. പുലയജന്മിയുടെ മകനാണെങ്കിലും സവര്‍ണ്ണസമുദായത്തിലെ സമപ്രായക്കാരായ കുട്ടികള്‍ പള്ളിക്കുടത്തില്‍ പോകുന്നത് കൊതിയോടെ നോക്കിനില്‍ക്കാനേ അവനു കഴിഞ്ഞുള്ളൂ. പൊതു നിരത്തിലെ വിലക്കുകള്‍ അവന്‍ അറിഞ്ഞു. ഉത്സവത്തിമിര്‍പ്പില്‍ അമ്പലത്തിലേക്ക് നടന്ന അവന് കല്ലേറ് ഏല്‍ക്കേണ്ടിവന്നു. പൊതു കിണറ്റിനെ ദാഹമകറ്റാന്‍ ആശ്രയിച്ചപ്പോള്‍ അധിക്ഷേപമേല്‍ക്കേണ്ടിവന്നു. തിക്തമായ അനുഭവങ്ങളുടെ മുറിവുകള്‍ ആ മനസ്സിനെ ചോദ്യം ചെയ്യാന്‍ പഠിപ്പിച്ചു.

ഒരിക്കല്‍ സമപ്രായക്കാരായ സവര്‍ണ്ണരും അപര്‍ണ്ണരുമായ കുട്ടികള്‍ തമ്മില്‍ പന്തുകളിക്കിടെ ശണ്ഠ കൂടി ഒരു പുലയകുട്ടിയെ മേല്‍ജാതിക്കാരനായ കുട്ടി അകാരണമായി അടിച്ചു. പിടിച്ചു മാറ്റാന്‍ ശ്രമിച്ച അയ്യന്‍കാളിയെ സവര്‍ണ്ണ ബാലന്‍മാര്‍ കൂട്ടത്തോടെ ആക്രമിച്ചു. സ്വതേ ബലിഷ്ഠനായ അയ്യന്‍കാളി ആക്രമണത്തേ നേരിട്ടു. മേല്‍ജാതിക്കാര്‍ സംഭവം പ്രശ്‌നമാക്കി. ''എന്നെ അടിച്ചു ഞാനും അടിച്ചു''. ശകാരവുമായെത്തിയ അച്ഛനോട് കാളി പറഞ്ഞു. അച്ഛന്‍ മകനെ പൊതിരെ തല്ലി. തൃപ്തിയോടെ മേലാളന്‍മാര്‍ തല്‍ക്കാലം തിരിച്ചുപോയി.

മനസ്സിന്റെ മുറിവുകള്‍ നീറാന്‍ തുടങ്ങിയപ്പോള്‍ അയ്യന്‍കാളി കുന്നിന്‍ ചരിവിലും മരത്തണലിലും ഏകാകിയായി. തന്റെ തലമുറകള്‍ നൂറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന തേജോവധത്തെ മറി കടക്കാന്‍ കാളി കണ്ടെത്തിയ ആദ്യവഴി കലയുടേതായിരുന്നു. സഹോദരന്‍മാരെയും കൂട്ടുകാരെയും സംഘടിപ്പിച്ച് തിരുവോണത്തിന് ഒരു നാടകം സംഘടിപ്പിച്ചു. പിന്നീട് കാക്കരാശി നാടകങ്ങളിലൂടെ തന്റെ വിപ്ലവാശയങ്ങള്‍ അവതരിപ്പിക്കാനായി ശ്രമം. ഇത്തരം കലാപ്രവര്‍ത്തനങ്ങള്‍ കാളിയെ യുവാക്കളുടെ നേതാവാക്കി. കാളിയും കൂട്ടരും അടിതട, ഗുസ്തി, മര്‍മ്മ വിദ്യ, കളരിപയറ്റ് തുടങ്ങിയ കായികാഭ്യാസങ്ങളും പരിചയിക്കാന്‍ തുടങ്ങി. കാളിയുടെ സംഘത്തിന് 'ചട്ടമ്പി സംഘ'മെന്ന് വിളിപ്പേരും കിട്ടി. സവര്‍ണ്ണര്‍ അയ്യന്‍കാളിയെ ധിക്കാരിയെന്നോ നിഷേധിയെന്നോ വിളിച്ചപ്പോള്‍ സമുദായം 'ഊര്‍പിള്ള' യെന്നോ 'മൂത്തപിള്ള'യെന്നോ വിളിച്ചു.

വഴിനടക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും തുല്യമാണെന്ന് വാദിച്ച് അയ്യന്‍കാളിയും സംഘവും പൊതുനിരത്തിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി. യുവാവായ അയ്യന്‍കാളിയുടെ സ്വതന്ത്രജീവിതം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛനുമമ്മയും മകനെ പ്രശ്‌നപരിഹാരാര്‍ഥം വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു. മാഞ്ചാകുഴി തറവാട്ടിലെ എണ്ണക്കറുപ്പുള്ള സുന്ദരി ചെല്ലമ്മയായിരുന്നു വധു. 1888 മാര്‍ച്ചില്‍ വിവാഹിതനായ കാളി മാതാപിതാക്കള്‍ ഉദ്ദേശിച്ച പോലെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍തിരിഞ്ഞില്ല.

അവര്‍ണ്ണര്‍ക്കും പൊതുനിരത്തിലൂടെ നടക്കുവാനുള്ള സ്വാതന്ത്ര്യത്തിനായി അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ ബാലരാമപുരത്തെ ആറാലുംമൂട് ചന്തയിലേക്ക് കാല്‍ നടയായി യാത്രയായി. ചാലിയത്തെരുവിലെത്തിയപ്പോള്‍ മേലാളന്‍മാര്‍ ജാഥയെ കൂട്ടത്തോടെ വന്ന് ആക്രമിച്ചു. ഇരുവിഭാഗങ്ങളും തമ്മില്‍ പൊരിഞ്ഞ സംഘട്ടനമായി. 1889 ല്‍ നടന്ന ഈ ലഹളയാണ് 'ചാലിയത്തെരുവ്' ലഹളയെന്നറിയപ്പെട്ടത്.

ഹരിജന്‍ സ്ത്രീകള്‍ മാറുമറയ്ക്കല്‍ പാടില്ലെന്നും, കല്ലയും മാലയും ധരിക്കണമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും നിര്‍ബന്ധമായിരുന്നു. മാറുമറയ്ക്കാന്‍ ശ്രമിച്ച ഹീനജാതിക്കാരി സ്ത്രീകളുടെ മുല സവര്‍ണ്ണര്‍ അരിഞ്ഞു വീഴ്ത്തി. പിടയുന്ന സ്ത്രീകളെ കണ്ട് അവര്‍ പൊട്ടിച്ചിരിച്ചു. ഇതിനെതിരെ കൊല്ലം ജില്ലയിലെ പെരിനാട് അയിത്ത ജാതിക്കാര്‍ 24.10.1915 ല്‍ ഒരു യോഗം കൂടാന്‍ തീരുമാനിച്ചു. യോഗ നടപടിയിലെ ആദ്യഇനമായ പ്രാര്‍ഥനാഗാനം തുടങ്ങുമ്പോള്‍ നല്ലേരി കൂരിനായരുടെ നേതൃത്വത്തില്‍ സവര്‍ണ്ണമേധാവികള്‍ ആക്രമണം ആരംഭിച്ചു. കല്ലമാല വലിച്ചെറിഞ്ഞ യുവതികള്‍ ഒരു സവര്‍ണ്ണനെ അരിവാള്‍ കൊണ്ട് വെട്ടി. ഒട്ടേറെപ്പേര്‍ മരിച്ചു വീണു. അവര്‍ണ്ണരുടെ അറുന്നൂറില്‍പ്പരം വീടുകള്‍ അഗ്നിക്കിരയാക്കി, ഇതാണ് ചരിത്രപ്രസിദ്ധമായ പെരിനാട് സംഭവം. കലാപത്തെക്കുറിച്ചറിഞ്ഞ അയ്യന്‍കാളി അവിടെ ഓടിയെത്തി. ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ളയുടെ അധ്യക്ഷതയില്‍ അയ്യായിരത്തിലധികം ആളുകള്‍ പങ്കെടുത്ത ഒരു യോഗം അദ്ദേഹം അവിടെ വിളിച്ചു ചേര്‍ത്തു. അന്ന് സദസ്സില്‍ നിന്ന് രണ്ടു സ്ത്രീകളെ വിളിച്ച് അവര്‍ ധരിച്ചിരുന്ന കല്ലുമാലകള്‍ അയ്യന്‍കാളി പൊട്ടിച്ചെറിഞ്ഞു.

അതുപോലെ നെടുമങ്ങാട് ചന്തയിലും അവര്‍ണ്ണര്‍ക്ക് പ്രവേശനമില്ലായിരുന്നു. അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ അവര്‍ണ്ണര്‍ ചന്തയ്ക്കുള്ളില്‍ പ്രവേശിച്ചു. സവര്‍ണ്ണര്‍ പതിവുപോലെ ആയുധങ്ങളുമായി ഏറ്റുമുട്ടി. 1912 ലെ നെടുമങ്ങാടു ലഹള പലയിടത്തും ആവര്‍ത്തിച്ചു.

നിരക്ഷരനായ അയ്യന്‍കാളിക്ക് അക്ഷരത്തിന്റെ വില കര്‍മ്മമേഖലയില്‍ നിന്ന് നന്നായി മനസ്സിലാക്കുവാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന് അദ്ദേഹം എന്തിനെക്കാളും വിലമതിക്കുകയും സ്വസമുദായത്തിന് വിദ്യാഭ്യാസം നേടികൊടുക്കാന്‍ കഠിനയത്‌നം നടത്തുകയും ചെയ്തു. ശ്രീനാരായണ ഗുരുവുമായി നിരന്തര സമ്പര്‍ക്കമുണ്ടായിരുന്ന അയ്യന്‍കാളി 'സംഘടന കൊണ്ട് ശക്തരാവുക; വിദ്യ കൊണ്ട് പ്രബുദ്ധരാവുക' എന്ന ഗുരുവിന്റെ സൂക്തം എല്ലാ അര്‍ഥത്തിലും ഉള്‍ക്കൊണ്ട വ്യക്തിയായിരുന്നു.

അന്നത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹരിജന്‍ കുട്ടികളെ പ്രവേശിപ്പിക്കാതെ വന്നപ്പോള്‍ വെങ്ങാനൂരില്‍ അയ്യന്‍കാളി 'കുടിപ്പള്ളികുടം' സ്ഥാപിച്ചു. കേരളത്തില്‍ അയിത്ത വര്‍ഗ്ഗക്കാരന്‍ സ്ഥാപിച്ച ആദ്യ കുടിപള്ളിക്കൂടത്തെ വെങ്ങാനൂരിലെ നായന്‍മാര്‍ തീവെച്ചു നശിപ്പിച്ചു. 1910 - ല്‍ അധഃകൃതരുടെ നിരന്തരമായ അപേക്ഷയെ തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശന ഉത്തരവ് പുതുക്കിയെങ്കിലും സവര്‍ണ്ണര്‍ എതിരു നിന്നു.

സ്‌കൂള്‍ പ്രവേശന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൂജാരി അയ്യന്‍ എന്നൊരു അയിത്ത ജാതിക്കാരന്റെ മകളായ പഞ്ചമിയേയും കൂട്ടി അയ്യന്‍കാളി ബാലരാമപുരത്തുള്ള ഊരുട്ടമ്പലം സ്‌കൂളില്‍ ചെന്നു. സംഭവം പുലയരും നായന്‍മാരും അവരുടെ അവാന്തരവിഭാഗങ്ങളായ പണ്ടാരി, ചക്കാലത്ത്, അമ്പട്ടനായര്‍, ആണ്ടലകം നായര്‍ തുടങ്ങിയ സമുദായങ്ങളുമായി ഉഗ്രസംഘട്ടനത്തിന് വഴിവച്ചുവെങ്കിലും പഞ്ചമിയെ അയ്യന്‍കാളി സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുക തന്നെ ചെയ്തു. എങ്കിലും എതിര്‍പ്പുകള്‍ തുടരുന്നതു കണ്ട് അയ്യന്‍കാളി അധഃകൃതര്‍ക്കായി ഒരു പുതിയ പ്രൈമറി സ്‌കൂള്‍ തുടങ്ങാന്‍ തീരുമാനിച്ചു. അങ്ങനെയാണ് വെങ്ങാനൂരില്‍ പുതുവല്‍ വിളാകം സ്‌കൂള്‍ അദ്ദേഹം ആരംഭിക്കുന്നത്. അധഃകൃതന്റെ അക്ഷര മുന്നേറ്റം സഹിക്കാതെ വെങ്ങാനൂരിലെ നായന്‍മാര്‍ ആ സ്‌കൂളിനും തീയിട്ടു. എന്നാല്‍ അയ്യന്‍കാളി നേതൃത്വത്തില്‍ അക്ഷരസ്‌നേഹികള്‍ സ്‌കൂള്‍ പുതുക്കി പണിതു. തിരുവനന്തപുരം കൈതമുക്കിലെ പരമേശ്വരന്‍പിള്ള എന്ന നായര്‍ യുവാവായിരുന്നു ആ സരസ്വതി മന്ദിരത്തില്‍ അയിത്തജാതികളെ അക്ഷരം പഠിപ്പിക്കാന്‍ സന്നദ്ധനായെത്തിയത്.

അയിത്തത്തിന്റെ വിലക്കുകളില്‍ നിന്ന് മോചനം നേടാന്‍ മതപരിവര്‍ത്തനം മാര്‍ഗ്ഗമാകുമെന്നു കരുതി ഹരിജനങ്ങളില്‍ നല്ലൊരുശതമാനം മതം മാറാന്‍ തുടങ്ങിയ കാലമായിരുന്നു അത്. മതപരിവര്‍ത്തന ആഭിമുഖ്യം ഭൂരിപക്ഷ സമുദായത്തിലുണ്ടാക്കിയേക്കാവുന്ന ദൂരവ്യാപകഫലങ്ങളെക്കുറിച്ച് സദാനന്ദസ്വാമികളെപോലുള്ള ചിലര്‍ അക്കാലത്ത് ചൂണ്ടികാട്ടിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് അയ്യന്‍കാളി നാരായണ ഗുരുവിന്റെ സാമൂഹിക പരിഷ്‌ക്കരണ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് 1907-ല്‍ സാധുജന പരിപാലന സംഘം രൂപീകരിക്കുന്നത്. സംഘത്തിന് നിയമാവലിയും എഴുതിയുണ്ടാക്കി. ക്രിസ്തുമതത്തിലേക്ക് മതം മാറി 'അവശക്രിസ്ത്യാനി' യെന്ന് മുദ്ര ചാര്‍ത്തികിട്ടിയ ഹരിജനങ്ങളെയും പുലയര്‍ക്കു പുറമെ, ചേരമാര്‍, സാമ്പവര്‍, സിദ്ധനര്‍, കണക്കര്‍, തണ്ടാന്‍ എന്നീ സമുദായാംഗങ്ങളെയും അയ്യന്‍കാളി സാധുജന പരിപാലനസംഘത്തില്‍ ചേര്‍ത്തു. കുടുംബപ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഒരു കുടുംബകോടതിയും സംഘടനയുടെ ജിഹ്വയായി തൃക്കൊടിത്താനം കാളിചോതിക്കുഴപ്പന്റെ പത്രാധിപത്യത്തില്‍ 'സാധുജനപരിപാലിനി' എന്നൊരു മാസികയും ആരംഭിച്ചു.

1911 ല്‍ ഡിസംബര്‍ 5ന് മഹാരാജവ് അയ്യന്‍കാളിയെ ശ്രീമൂലം പ്രജാസഭയില്‍ അംഗമായി നാമനിര്‍ദ്ദേശം ചെയ്തു. വെളുത്ത തലപ്പാവും കുങ്കുമക്കുറിയും കാതില്‍ കല്ലുകടുക്കനും നീണ്ട കറുത്തകോട്ടും ധരിച്ച് 1912 ഫെബ്രുവരി 26 ന് വി ജെ ടി ഹാളില്‍ ശ്രീമൂലം പ്രജാസഭയുടെ സമ്മേളനത്തിന് വില്ലുവണ്ടിയിലെത്തിയ അയ്യന്‍കാളിയെ കണ്ട് ദിവാനാണെന്ന് അംഗങ്ങള്‍ സംശയിച്ചുപോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1912 ഒരു ഹരിജന്റെ ശബ്ദം പ്രജാസഭയില്‍ മുഴങ്ങിയതിന് സാക്ഷ്യം വഹിച്ച വര്‍ഷമാണ്.

മഹാകവി കുമാരനാശാനുമായി ചേര്‍ന്ന് തോന്നക്കലിലെയും സമീപസ്ഥപ്രദേശങ്ങളിലെയും ഹരിജനങ്ങളുടെ കുടിലുകള്‍ സന്ദര്‍ശിച്ച് അയ്യന്‍കാളി വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെക്കുറിച്ച് അവരെ ബോധവാന്‍മാരാക്കിയിരുന്നു. ബോധവല്‍ക്കരണം ശക്തിപ്രാപിച്ചതോടെ അധഃകൃതര്‍ കുട്ടികളെ കൂടുതലായി സ്‌കൂളിലയക്കാന്‍ തുടങ്ങി. ഇത് ബാലവേലക്കാരുടെ എണ്ണത്തില്‍ കുറവുവരുത്തിയതോടെ ജന്മിമാരുടെ വയലുകളില്‍ പണിയെടുക്കാന്‍ ആളു തികയാത്ത അവസ്ഥയുണ്ടാക്കി. ഇതോടെ അയിത്ത ജാതിക്കാരുടെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാതിരിക്കാന്‍ സവര്‍ണ്ണര്‍ ശ്രമമാരംഭിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട അയ്യന്‍കാളി വയലുകളില്‍ അയിത്തജാതിക്കാര്‍ പണിക്കിറങ്ങരുതെന്ന് ആവശ്യപ്പെട്ടു. കാര്‍ഷികമേഖല സ്തംഭനാവസ്ഥയിലായി. മേലാളര്‍ അയിത്തജാതികള്‍ക്കു മേല്‍ കള്ളക്കേസുകള്‍ കൊടുത്തു. അയ്യന്‍കാളിയുടെ നേതൃത്വമുള്ള അയിത്ത ജാതിക്കാര്‍ വഴങ്ങിയില്ല. സര്‍ക്കാര്‍ കൂടിയാലോചന തുടങ്ങി. കുഞ്ഞുങ്ങള്‍ക്ക് സ്‌കൂള്‍ പ്രവേശനവും ആഴ്ചയിലൊരു ദിവസം വിശ്രമവുമുള്‍പ്പടെയുള്ള അവകാശങ്ങള്‍ സ്ഥാപിച്ചെടുത്തിട്ടേ അയ്യന്‍കാളി പിന്‍വാങ്ങിയുള്ളൂ. കേരളത്തിലെ ആദ്യ കര്‍ഷകസമരമായിരുന്നു ഇത്.

അയ്യന്‍കാളിയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ മഹാത്മാഗാന്ധി 1937 ജനുവരി 17 ന് വെങ്ങാനൂരിലെത്തി അയ്യന്‍കാളിയെ സന്ദര്‍ശിച്ചു. അയ്യന്‍കാളിയുടെ സാമൂഹ്യസേവനങ്ങളെ പ്രകീര്‍ത്തിച്ച് മഹാത്മാഗാന്ധി അദ്ദേഹത്തെ 'പുലയരുടെ കിരീടമില്ലാത്ത രാജാവ്' എന്ന് വിശേഷിപ്പിച്ചു. സംഭാഷണ മധ്യേ ഗാന്ധിജി അയ്യന്‍കാളിയോട് ചോദിച്ചു. 'മിസ്റ്റര്‍ അയ്യന്‍കാളി, അങ്ങയുടെ ജീവിതാഭിലാഷം എന്താണ്?
'എന്റെ വര്‍ഗ്ഗത്തില്‍പ്പെട്ട പത്ത് ബി എക്കാരെ കണ്ടിട്ട് മരിച്ചാല്‍ മതി' എന്നായിരുന്നു മറുപടി.

അത്യദ്ധ്വാനവും നിരന്തര സേവനസന്നദ്ധതയും അദ്ദേഹത്തെ ക്രമേണ രോഗഗ്രസ്തനാക്കി. കാസരോഗത്തിന്റെ വൈഷമ്യങ്ങളുമായി ശയ്യാവലംബിയായപ്പോഴും ഉള്ളിലെ തീ അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനായ് ജ്വലിച്ചുകൊണ്ടേയിരുന്നു'
1941 ജൂണ്‍ 18-ാം തീയതി ചൊവ്വാഴ്ച അയ്യന്‍കാളിയെന്ന മഹാനായ നേതാവ് ഓര്‍മ്മയായി. സവര്‍ണ്ണരുടെ അടിസ്ഥാനമില്ലാത്ത മേല്‍ക്കോയ്മക്കെതിരെ പൊരുതുമ്പോഴും അവരോടു സമഭാവം നിലനിര്‍ത്തിയ മനോഭാവമാണ് അയ്യന്‍കാളിയെ ചരിത്രത്തില്‍ വ്യത്യസ്തനാക്കുന്നത്.




No comments: