ആർ.ശങ്കറിന്റെ 42-ാം ചരമവാർഷിക ദിനമാണിന്ന്. ആർ.ശങ്കർ എന്നുകേട്ടാൽ അഭിമാനം തോന്നാത്ത മലയാളികളുണ്ടാവില്ല. അതിനുകാരണം ആ വ്യക്തിത്വത്തിന്റെ സവിശേഷതകളാണ്. ഒരിക്കൽ ഡോ. സുകുമാർ അഴീക്കോട് കുറിച്ചിട്ട വരികളാണ് ഓർമ്മയിലെത്തുന്നത്: സ്ഥാനത്തിന്റെയും സ്ഥാനികളുടെയും ചേർച്ചയുടെ ദുർലഭമായ സൗഭാഗ്യമാണ് ശങ്കറിന്റെ വ്യക്തിത്വത്തിന്റെ വശ്യത. കാളിദാസ മഹാകവിയുടെ ചക്രവർത്തിമാരെപ്പോലെ അദ്ദേഹത്തിന് ആകൃതിക്കൊത്ത ബുദ്ധിയും ബുദ്ധിക്കൊത്ത അറിവും അറിവിനൊത്ത കർമ്മവും കർമ്മത്തിനൊത്ത ഉയർച്ചയും ഉണ്ടായിരുന്നു.കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ ഒരഗ്നിജ്വാലപോലെ ഊർദ്ധ്വമുഖനായി നിന്നിരുന്ന അദ്ദേഹത്തെ അധോമുഖനാക്കാൻ ആർക്കും കഴിയുമായിരുന്നില്ല. അതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വവൈശിഷ്ട്യം. യുക്തിഭദ്രമായി ചിന്തിക്കുക, ആശയങ്ങളെ ദൃഢചിത്തനായി അവതരിപ്പിക്കുക, പറയുന്നത് ധീരതയോടെ പ്രയോഗത്തിൽ വരുത്തുക, അതിന്റെ ഫലം കൊണ്ട് സമൂഹത്തെയാകെ അഭിവൃദ്ധിയിലേക്ക് നയിക്കുക, അങ്ങനെ സാമൂഹികനീതിയുടെ നിഷേധമില്ലാത്ത ഒരു കേരളത്തെ വാർത്തെടുക്കുക- ഇതായിരുന്നു ആർ. ശങ്കറിന്റെ കർമ്മമണ്ഡലത്തിന്റെ ആകത്തുക.അദ്ധ്യാപകനായും വിദ്യാഭ്യാസവിചക്ഷണനായും സാമൂഹ്യപരിഷ്കർത്താവായും സമുദായോദ്ധാരകനായും രാഷ്ട്രീയനായകനായും വാഗ്‌മിയായും ആസൂത്രകനായും ഭരണകർത്താവായും സാഹിത്യാസ്വാദകനായും പത്രാധിപരായും ഗുരുദേവഭക്തനായും ഗുരുധർമ്മ പ്രചാരകനായും മനുഷ്യസ്നേഹിയായും ആധുനിക കേരളത്തിന് മാനവികമുഖം നൽകുന്നതിൽ നിസ്തുലമായ സംഭാവനകളാണ് അദ്ദേഹം നൽകിയത്. ആ മഹാവ്യക്തിത്വത്തെ വേണ്ടവിധം വിലയിരുത്താനോ പഠിക്കാനോ മാതൃകയാക്കാനോ ആദരിക്കാനോ പുതിയ തലമുറ വിമുഖത കാട്ടുന്നുവെന്നത് പൂർവസൂരികളോടു ചെയ്യുന്ന അപരാധമെന്നേ പറയാനാവൂ.ഒരു സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ വികസനമെന്നത് കേവലം സാന്പത്തികോന്നമനത്തിൽക്കൂടി മാത്രം സാധ്യമാവുന്നതല്ലെന്നതായിരുന്നു ശങ്കറിന്റെ നിലപാട്. സാമൂഹികനീതിയിലധിഷ്ഠിതമായ സാന്പത്തിക ഏകോപനത്തിലൂടെയും ക്ഷേമപദ്ധതികളിലൂടെയും വളർച്ചയിലൂടെയും വേണം വികസന പദ്ധതികൾ നടപ്പിലാക്കേണ്ടത്. അതിന് സാമൂഹികമായും സാന്പത്തികമായും താഴെത്തട്ടിൽ കിടക്കുന്ന അവശജനവിഭാഗങ്ങൾക്ക് ജീവിതോദ്ധാരണത്തിന് സഹായകമാകുന്ന നിലയിൽ വിവിധ ക്ഷേമപദ്ധതികളും സാന്പത്തിക പരിഷ്‌കാരങ്ങളും രൂപപ്പെടുത്തണമെന്ന അഭിപ്രായം രാഷ്ട്രീയമണ്ഡലത്തിൽ ശക്തമായി ഉന്നയിച്ച രാഷ്ട്രീയ ജനനായകനായിരുന്നു ശങ്കർ. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരംഭം കുറിച്ച പെൻഷനുകളാണ് പിന്നീടുവന്ന പല സർക്കാരുകളെയും ഇത്തരം സാമൂഹികക്ഷേമ പദ്ധതികളിലേക്ക് നയിക്കാൻ നിമിത്തമോ പ്രേരണയോ ആയി മാറിയതെന്നത് ചരിത്രം. ഇന്ന് കക്ഷിഭേദമില്ലാതെ ഏതു സർക്കാർ മാറി വന്നാലും ജനകീയ ക്ഷേമപദ്ധതികൾ രൂപപ്പെടുത്തുന്നതിലും പ്രഖ്യാപിക്കുന്നതിലും അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. എന്നാൽ അവർ പോലും ശങ്കർ എന്ന ജനക്ഷേമനായകന്റെ മാനവികാഭിമുഖ്യത്തെയും ജനകീയക്ഷേമ-വികസന കാഴ്ചപ്പാടുകളെയും വേണ്ടത്ര ഉൾക്കൊണ്ടിട്ടുണ്ടോയെന്നു സംശയമാണ്.കൊടി നോക്കിയും നിറം നോക്കിയുമായിരുന്നില്ല അദ്ദേഹം ജനങ്ങളെ സേവിച്ചത്. ഉറച്ച നിലപാടുകളിൽനിന്ന് അദ്ദേഹം വ്യതിചലിച്ചിരുന്നില്ല. ഒരു സന്ദർഭത്തിലും ബ്യൂറോക്രാറ്റുകളായ ഉദ്യോഗസ്ഥന്മാർക്കു വശംവദനാകുന്ന ഭരണകർത്താവുമായിരുന്നില്ല അദ്ദേഹം. ഏത് കാര്യത്തിലും ഉറച്ച തീരുമാനം അദ്ദേഹത്തിനുണ്ടായിരുന്നു. പട്ടം താണുപിള്ള ഗവർണറായതിനെ തുടർന്ന് 1962 സെപ്തംബർ 7ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടതുമുതൽ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിൽ അഗ്രേസരനായി തിളങ്ങാൻ അദ്ദേഹത്തിനു സാധിച്ചത് ഈ വൈശിഷ്ട്യങ്ങളുടെ തികഞ്ഞ പാരസ്പര്യം കൊണ്ടാണ്.ഗുരുദേവസന്ദേശങ്ങളുടെ ആഴവും വ്യാപ്തിയും അറിഞ്ഞ് അത് പ്രയോഗത്തിൽ വരുത്തുന്നതിൽ അസാമാന്യമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. എസ്.എൻ.ഡി.പി യോഗത്തെ ഗുരുദേവൻ വഴിതെളിച്ച നവോത്ഥാനവീഥിയിൽ നിന്നുകൊണ്ട് ഗുരുധർമ്മത്തിന്റെ കാഹളം മുഴക്കി നയിക്കാനാണ് അദ്ദേഹം പ്രയത്നിച്ചത്. സംഘാടകരംഗത്തും ശങ്കർ ഉയർത്തിപ്പിടിച്ച ധൈര്യവും മൂല്യവും ലക്ഷ്യബോധവും കർമ്മശുദ്ധിയും ഏതുകാലത്തും സംഘടനാനേതൃത്വങ്ങളിലേക്കെത്തുന്നവർക്കു മാതൃകയും ആവേശവുമായിത്തീരേണ്ടതാണ്. ജനങ്ങളെയും സമുദായത്തെയും ദിശാബോധവും ലക്ഷ്യാഭിമുഖ്യവും കൊണ്ട് ഇത്രയേറെ ഉണർത്താനും ഉത്സുകരാക്കാനും വളർത്താനും മറ്റൊരു നേതാവിനും കഴിഞ്ഞിട്ടില്ല. അതിന് ഏറ്റവും വലിയ ദൃഷ്ടാന്തങ്ങളാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ കനകജൂബിലിയാഘോഷങ്ങളും ശിവഗിരി മഹാസമാധി മണ്ഡപത്തിലെ ഗുരുദേവ പ്രതിമാപ്രതിഷ്ഠാഘോഷങ്ങളും. ഒരേസമയം തന്നെ നായകനും പ്രവർത്തകനുമായിരുന്ന അദ്ദേഹം സമ്മേളനപ്പന്തലിനു കാൽ നാട്ടേണ്ട കുഴികളുടെ അളവു പരിശോധിക്കുന്നതു മുതൽ പാചകശാലയിലെ വിഭവങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനും ഉത്പന്നപ്പിരിവിലൂടെ മഹാസംരംഭങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനും വരെ കാണിച്ചിട്ടുള്ള ആത്മാർത്ഥതയും ലാളിത്യവും ഉത്സാഹവും കർമ്മത്യാഗവും സർവ്വാദരണീയമാണ്. വിമർശകരും ദുഷ്ടശക്തികളുമുയർത്തിയ എല്ലാ വെല്ലുവിളികളെയും ആക്ഷേപങ്ങളെയും ശിരസ്സുയർത്തിപ്പിടിച്ചു തടഞ്ഞുകൊണ്ട് അദ്ദേഹം സമുദായത്തെയും സമൂഹത്തെയും നിർഭയം സേവിച്ചതിന്റെ ചരിത്രം ധാർമ്മികമായ കർമ്മശുദ്ധിയുടെ ഉദാത്തമാതൃകയാണ്.സംഘടനകൊണ്ട് ശക്തരാകാനുള്ള ഗുരുദേവന്റെ സന്ദേശത്തെ കൊടുങ്കാറ്റിലണയാത്ത ദീപം പോലെയാണ് ശങ്കർ തന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരുന്നത്. ജനങ്ങൾക്കും സമുദായത്തിനും നന്മയും മേന്മയും ഉണ്ടാക്കുന്നതെന്തോ അതായിരുന്നു അദ്ദേഹത്തിന് പ്രധാനം. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും കൂടാതെയുള്ള സംഘടനാപ്രവർത്തനവും സേവനവുമായിരുന്നു അദ്ദേഹത്തിന്റേത്. സംഘടനകൊണ്ട് സംഘാടകന്റെ താത്പര്യം സംരക്ഷിക്കുന്നവർ കൂടിവരുന്ന ഇക്കാലത്ത് ശങ്കറിന്റെ സംഘടനാപ്രവർത്തനശൈലിയും സംഘാടകനൈപുണ്യവും പ്രതിബദ്ധതയും വിസ്മൃതിയിലകപ്പെട്ടുപോകുന്നത് വേദനാജനകമാണ്. ഗുരുദേവൻ സ്ഥാപിച്ച ശിവഗിരി സ്കൂളിൽ അദ്ധ്യാപകനായി സേവനത്തിന്റെ പാതയിലെത്തിയതുമുതൽ അവസാനശ്വാസംവരെയും അദ്ദേഹത്തിൽ ഒരു മാതൃകാദ്ധ്യാപകൻ ഉണ്ടായിരുന്നു. ഹൃദയമില്ലാത്ത വാക്കുകൾകൊണ്ട് സമൂഹമാകെ അസ്വസ്ഥമാക്കുന്നവർ സ്വാധീനമുറപ്പിക്കുന്ന പുതിയകാലത്ത് ആർ. ശങ്കറിന്റെ വാക്കുകളിലെ ഹൃദയം കാണുവാൻ നമുക്ക് കഴിയണം. ദൃഢചിത്തനായ അദ്ദേഹത്തിന്റെ വാക്കുകളിലെ ഹൃദയമാണ് ഗുരുദേവനാമധേയത്തിൽ ഇന്നു കേരളമാകെ പടർന്നു പന്തലിച്ചു നിൽക്കുന്ന ശ്രീനാരായണ കോളേജുകളിൽ സൗരഭ്യം പടർത്തി നിലകൊള്ളുന്നത്. തന്നെ കാരാഗൃഹത്തിലടയ്‌ക്കാൻ തുനിഞ്ഞ തിരുവിതാംകൂർ ദിവാൻ സർ സി.പിയുടെ കരങ്ങളെക്കൊണ്ടുതന്നെ കൊല്ലം ശ്രീനാരായണകോളേജുകളുടെ സംസ്ഥാപനത്തിനുവേണ്ടി 37 ഏക്കറോളം സ്ഥലം അനുവദിപ്പിക്കാനായതും ആ വാക്കുകളിലെ നിശ്ചയദാർഢ്യവും ഹൃദയശുദ്ധിയും കൊണ്ടുതന്നെയെന്നതിൽ സംശയമില്ല.കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ മുന്നേറ്റത്തിന്റെയും പുരോഗതിയുടെയും നിലവാരത്തിന്റെയും വലിയ ചക്രവാളത്തിലേക്ക് നയിക്കുന്നതിൽ ശ്രീനാരായണ കോളേജുകളുടെ പങ്ക് നിർണയിക്കാനാവാത്തതാണ്. വിദ്യകൊണ്ട് സ്വതന്ത്രരാകുകയെന്ന ഗുരുദേവസന്ദേശത്തിന്റെ കർമ്മകാണ്ഡമായാണ് അദ്ദേഹം ശ്രീനാരായണ കോളേജുകളെ വിഭാവനം ചെയ്തത്. ധനം വിദ്യയാകും, വിദ്യ സേവനമാകും എന്ന ഗുരുവചനത്തിന് ഇങ്ങനെ പ്രായോഗികഭാഷ്യം ചമച്ച ആർ. ശങ്കറിന്റെ ഉയരത്തോളം എത്തുന്ന മറ്റൊരു മഹാശയനെ ഇനിയെന്നാണ് നമ്മുടെ സമൂഹത്തിനും സമുദായത്തിനും കിട്ടുക?1964 സെപ്തംബർ 8ന് പി.കെ. കുഞ്ഞ് നിയമസഭയിൽ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന്റെ ചർച്ചകൾക്കിടയിൽ ഇ.എം.എസ്സിന്റെ ഒരു പരാമർശത്തിന് മറുപടി പറയവേ ആർ. ശങ്കർ പറഞ്ഞത് ഇവിടെ ആവർത്തിക്കട്ടെ: "ശരീരത്തിൽനിന്നും ഒരു വിരൽ മുറിഞ്ഞുവീണാൽ അതു കുറേ നേരം പിടയ്ക്കും. അങ്ങനെ കുറേനേരം കിടന്ന് പിടച്ചിട്ട് അതിന്റെ ചൈതന്യം നശിക്കുകയും ചെയ്യും. ഒരു വിരൽപോയി എന്നു വിചാരിച്ച് ശരീരത്തിനു വലിയ അപകടമൊന്നും ഉണ്ടാവുകയില്ല. വിരൽ ഒരുപക്ഷേ മുളയ്ക്കുകയില്ലായിരിക്കാം. പക്ഷേ വേറെ ഭാഗങ്ങൾ കൂടുതൽ വളർന്നുകൊള്ളും.' ഇങ്ങനെ മുറിയുകയും കൂടുതൽ വളരുകയും ചെയ്ത ആർ. ശങ്കറിന്റെ ചിന്തയും വീക്ഷണവും സമീപനവും വാക്ശക്തിയും കർമ്മശേഷിയും ഉദ്ദേശ്യശുദ്ധിയും സമൂഹത്തിനുമുന്നിൽ നിറഞ്ഞുനിൽക്കട്ടെ
Courtesy- Sucheendran Kunduvaravalappil
No comments:
Post a Comment