22/11/2014

മഹാ മൃത്യുഞ്ജയ മന്ത്രം

ഓം ത്രൈയംബകം യജാമഹെ | സുഗന്ധിം പുഷ്ടി വര്‍ദ്ധനം ||
ഉര്‍വാരുകമിവ ബന്ധനാത് | മൃത്യോര്‍ മുക്ഷീയ മാമൃതാത്||

വെള്ളരി വള്ളിയില്‍ നിന്ന് വെള്ളരിക്ക സ്വയം പഴുത്ത് പാകമായ് ഊര്‍ന്നു മാറുന്നതുപോലെ മരണത്തിന്‍റെ പിടിയില്‍നിന്നും  ത്രൈയംബകം എന്നെ മോചിപ്പിക്കണേ. എന്‍റെ മരണം സ്വാഭാവികമുള്ളതാക്കി എന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ, ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ..

ഇവിടെ കൊടുത്തത് പൊതുവേ പറയുന്ന അര്‍ഥമാണ്.

എന്നാല്‍ എനിക്ക് ആലോചിച്ചപ്പോള്‍ തോന്നിയത് മൃത്യു / മരണം എന്നത് അജ്ഞാനം എന്ന അര്‍ഥത്തില്‍ ആണ് ഋഷി ഉപയോഗിച്ചിരിക്കുന്നത് എന്നാണ്. എന്നെ അജ്ഞാനത്തില്‍ നിന്നും ജ്ഞാനത്തിലേക്ക് മോചിപ്പിക്കേണമേ എന്നാണ് ഞാന്‍ ഇതിനു അര്‍ഥം കരുതുന്നത്. ജ്ഞാനിക്ക് കര്‍മ്മ രഹസ്യം അറിയാവുന്നതിനാല്‍ അയാള്‍ക്ക്‌ കര്‍തൃത്വം ഇല്ല. അഥവാ ഉണ്ടെങ്കില്‍ അത് അയാളുടെ മുഴുവനായ സാര്‍വത്രികമായ ലീല മാത്രമാകുന്നു.. അതിനാലാണ് എന്‍റെ കര്‍മ്മങ്ങള്‍ തീര്‍ന്നു കഴിഞ്ഞു എന്ന് പ്രാര്ധിക്കുന്നത്. വേദത്തില്‍ പറയുന്ന മരണം ശരീരത്തിന്‍റെ നാശമാകാന്‍ വഴിയില്ല. അത് അജ്ഞാനത്തിന്റെ അന്ത്യമാകാനേ വഴിയുള്ളൂ..അങ്ങനെ അജ്ഞാനത്തില്‍ (കര്‍മ്മക്കുരുക്കില്‍- Attachment) നിന്നും ജ്ഞാനത്തിലേക്ക് (മോക്ഷം-Freedom-സ്വതന്ത്രത-Detachment) മോചിപ്പിക്കുവാനായി ജിജ്ഞാസു സ്വയം പ്രാര്ധിക്കുന്നു...

ത്രൈയംബകം അര്‍ഥം നോക്കിയാല്‍ കിട്ടുന്നത്..
ത്രൈയംബകം - ചെമ്പ്, ശിവന്റെ വില്ല്, തേങ്ങ.
ത്രൈയംബകന്‍ -ശിവന്‍,
ത്രൈയംബക -മൂന്നുകണ്ണുള്ള , പാര്‍വതി, ദുര്ഗ്ഗ,
ത്രൈയംബകഫലം– തേങ്ങ
ത്രൈ+അംബക: = ത്രൈയംബക:,അംബകം = കണ്ണ് (ത്രൈകണി അംബകാനി യസ്യ സഹ ത്രൈയംബക:,എന്ന് സംസ്കൃതം)
ത്രൈയംബകം ഉള്ളവന്‍ ആരോ അവന്‍ ത്രൈയംബകന്‍ (മുക്കണ്ണന്‍) ത്രൈയംബകന്റെ വില്ലേതോ അത് “ത്രൈയംബകം”

മൃത്യു എന്ന വാക്കിന്റെ അര്‍ഥം നോക്കിയാല്‍ കിട്ടുന്നതോ
മൃത്യു=

നാ. കാമദേവന്‍
നാ. വിഷ്ണു
നാ. ബ്രഹ്മാവ്
നാ. കാളി
നാ. മരണം
നാ. ശനി
നാ. കാലന്‍
നാ. മായം
നാ. യമന്‍റെ നാലു അമാത്യരിലൊരാള്‍ (പ്ര.) ആസന്നമൃത്യു = മരണം അടുത്തവന്‍

കാലന്‍ എന്ന അര്‍ഥം നോക്കിയാല്‍ കാലന്‍ = സമയ ബോധം= Thoughts about time- ആണ്. Time and Space ല്‍ നിന്നുള്ള മോചനം. ജ്ഞാനി സ്ഥലകാലങ്ങള്‍ക്ക് അതീതനാണല്ലോ.

ജ്ഞാന സ്വരൂപമായ മഹാപുരുഷന്‍ തന്‍റെ മൂന്നാം ജ്ഞാനകണ്ണിന്‍റെ വൈഭവത്താല്‍ എന്നെയും ജ്ഞാനി ആക്കണം എന്ന് അപേക്ഷിക്കുന്നു എന്നാണു എനിക്ക് ആലോചിച്ചപ്പോള്‍ കിട്ടിയത്.. അതായത് ജലകണത്തിനു / തിരയ്ക്ക് അത് സമുദ്രമാണെന്നതിരിച്ചറിവ് ഉണ്ടാക്കി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു..... അങ്ങനെ അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ തിരയ്ക്ക് സമുദ്രത്തെ വിട്ടിട്ടു വേറിട്ടൊരു വ്യെക്തിത്വം ഇല്ലാതാകും.. തിരയുടെ കര്‍മ്മം സമുദ്രത്തിന്‍റെ വൈഭവം ആണ് എന്നത് തിരക്ക് ബോധ്യമാകും.. Human Mind Cosmic Mind ആകുന്നതു അങ്ങനെയാണ്...

ആത്മോപദേശ ശതകത്തില്‍ ഗുരു പാടിയ

"വെളിയിലിരുന്നു വിവര്‍ത്തമിങ്ങു കാണും
വെളിമുതലായ വിഭൂതിയഞ്ചുമോര്‍ത്താല്‍
ജലനിധിതന്നിലുയര്‍ന്നിടും തരംഗാ-
വലിയതുപോലെയഭേദമാ‍യ് വരേണം."

"അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍‌ ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമര്‍ന്നതു മാത്രമായിടേണം".   എന്നതുപോലെ..

കൂടാതെ ശ്രീ നാരായണ ഗുരു ബ്രഹ്മവിദ്യാ പഞ്ചകത്തില്‍ എഴുതി തന്നനുഗ്രഹിച്ച

"പ്രജ്ഞാനം ത്വഹമസ്മി തത്ത്വമസി തദ്
ബ്രഹ്മായമാത്മേതി സം-
ഗായന്‍ വിപ്ര! ചര പ്രശാന്തമനസാ
ത്വം ബ്രഹ്മബോധോദയാത്
പ്രാരബ്ധം ക്വനു സഞ്ചിതം തവ കിമാ-
ഗാമി ക്വ കര്‍മ്മാപ്യസത്
ത്വയ്യധ്യസ്തമതോऽഖിലം ത്വമസി സ-
ച്ചിന്മാത്രമേകം വിഭുഃ."

എന്ന ശ്ലോകം ചേര്‍ത്തു വച്ച് ഇത് മനനം ചെയ്‌താല്‍ വളരെ  ഉപകാരപ്പെടും..

മഹാ ഗുരുവിനും മന്ത്ര ദൃഷ്ടാവ് കഹോള ഋഷിക്കും പ്രണാമം.

No comments: