തലക്കാട് തരിശു നിലമാവട്ടെ...
മാലംഗി ചക്രവാത ചുഴിയാവട്ടെ....
മൈസൂർ രാജവംശം അവകാശികളില്ലാതെ നശിക്കട്ടെ...
"തലക്കാടിന്റെ ശാപം" "മാലംഗിയുടെ ശാപം '' എന്നൊക്കെ അറിയപ്പെടുന്ന ഈ വാക്കുകൾ 400 വർഷങ്ങൾക്കപ്പുറം എല്ലാം നഷ്ടപ്പെട്ട് മരണത്തിലേക്ക് മറയുന്നതിന് മുമ്പ് ഹതാശയായ ഒരു സത്രീ ഉരുവിട്ട ശാപവാക്കുകളാണ്.
ദസറ ഉത്സവത്തിന്റെ ഒമ്പതാം നാൾ ആയിരങ്ങൾ മൈസൂർ കൊട്ടാരത്തിന് മുന്നിൽ തടിച്ചു കൂടുന്നു. സ്വർണ്ണ സിംഹാസനത്തിൽ ആനപ്പുറത്ത് എഴുന്നള്ളുന്ന ചാമുണ്ഡേശ്വരിയുടെ ദർശനത്തിനായി അവർ ക്ഷമയോടെ കാത്ത് നിൽക്കുന്നു. അതേ സമയം കൊട്ടാരത്തിലെ അടഞ്ഞ് കിടക്കുന്ന വാതിലിനുള്ളിൽ രാജ കുടുംബം രഹസ്യമായി ഒരു മൂർത്തിയെ പ്രീതിപ്പെടുത്തുകയാവും, അവർ ഭയക്കുന്ന ഒരു സ്ത്രീ രൂപത്തെ ... കൊട്ടാരത്തിലെ അകന്ന ഒരു കോണിലുള്ള ഒരു കോവിലിലെത്തുന്ന രാജ ദമ്പതികൾ തങ്ങളുടെ കൈവളകൾ ഊരി അവിടെ കാണുന്ന രൂപത്തിന്റെ കാൽചുവട്ടിൽ സമർപ്പിക്കുന്നു.
അലമേലമ്മ റാണി എന്നാണ് ആ രൂപത്തിന്റെ പേര്. 400 വർഷമായി മൈസൂർ രാജകുടുബം ഇവരുടെ ശാപത്താൽ വേട്ടയാടപ്പെടുന്നു എന്നാണ് ഐതിഹ്യം. പതിനാറാം നൂറ്റാണ്ട് മുതൽ 19 തലമുറകളായി ഒന്നിടവിട്ട തലമുറകൾ സന്താനഭാഗ്യമില്ലാത്തവരാകുന്നു. അവകാശികളെ ദത്തെടുക്കാൻ നിർബന്ധിതരാവുന്നു.
ശരിക്കും അങ്ങനെ ഒരു ശാപമുണ്ടൊ..? ഇതൊക്കെ സത്യമാണ് എന്ന് ഒരു പാടാളുകൾ വിശ്വസിക്കുന്നു. പല വിധ തെളിവുകൾ നിരത്തുകയും ചെയ്യുന്നു. എന്നാൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന നാം എങ്ങനെ ശാസ്ത്രീയമോ യുക്തിസഹമോ അല്ലാത്ത ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കും.നിരവധി ചരിത്രകാരൻമാരും പുരാവസ്തു ശാസ്ത്രജ്ഞരും ഭൂമിശാസ്ത്ര വിദഗ്ദരും ഈ വിഷയത്തിൽ അപഗ്രഥനം നടത്തുകയും അവരുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഐതിഹ്യം
1610 കാലഘട്ടം. വിജയനഗര സാമ്രാജ്യത്തിലെ പ്രധാന ആശ്രിതനായിരുന്നു മൈസൂറിലെ രാജാ വാഡയാർ. മൈസൂർ രാജ്യത്തിന്റെ ചുമതല ശ്രീരംഗ പട്ടണം വൈസ്രോയ് ആയിരുന്ന തിരുമല രാജക്കായിരുന്നു.
1565 ൽ വിജയനഗര സാമ്രാജ്യം തകർന്ന് തുടങ്ങിയതോടെ സ്വതന്ത്ര് രാജ്യമായി മാറാനുള്ള മൈസൂർ രാജാക്കന്മാരുടെ ആഗ്രഹം ശക്തമത്തായി. തിരുമല രാജ രോഗാതുരനയതോടെ അവസരം അടുത്തതായി അവർ മനസിലാക്കി. രോഗം മൂർദ്ധന്യാവസ്ഥയിലെത്തിയപ്പോൾ രാജ്യ കാര്യങ്ങൾ ഭാര്യ അലമേലമ്മ റാണിയെ ഏൽപ്പിച്ച് തിരുമല രാജ തലക്കാട് എന്ന സ്ഥലത്തേക്ക് താമസം മാറി.
തലക്കാട് വെച്ച് തിരുമല രാജ മരണത്തിന് കീഴടങ്ങി. ഭർത്താവിന്റെ ഭൗതീക ശരീരം കാണാനും അനന്തര കർമ്മങ്ങൾക്കുമായി അലമേലമ്മ റാണി അവിടേക്ക് പോകുകയും ഈ അവസരം മുതലെടുത്ത രാജാ വാഡയാർ ശ്രീരംഗപട്ടണം ആക്രമിച്ച് കീഴടക്കുകയും സ്വയം രാജാവായി അവരോധിക്കുകയും ചെയ്തു. തിരിച്ച് ശ്രീരംഗ പട്ടണത്തിലേക്ക് പ്രവേശിക്കാൻ കഴിയാതിരുന്ന അലമേലമ്മ റാണി തൊട്ടടുത്തുള്ള മാലംഗി എന്ന ഗ്രാമത്തിൽ താമസം തുടർന്നു.
അലമേലമ്മ റാണി ശ്രീരംഗപട്ടണത്തെ രംഗനായക സ്വാമിയുടെ ഭക്തയായിരുന്നു. അലമേലമ്മ റാണിയുടെ ആഭരണങ്ങളായിരുന്നു വിശേഷ ദിനങ്ങളിൽ രംഗനായകി ദേവിയെ അണിയിച്ചിരുന്നത്. അധികാരമേറ്റെടുത്ത ശേഷം ഈ ആഭരണങ്ങൾ തന്റെ കീഴിൽ തന്നെ വരണമെന്ന് ശഠിച്ച വാഡയാർ രാജ തന്റെ പട്ടാളക്കാരെ അതിനായി നിയോഗിച്ചു. വിവരമറിഞ്ഞ റാണി എല്ലാ ആഭരണങ്ങളും ഒരു പെട്ടിക്കകത്താക്കി ഒരു രഹസ്യ വഴിയിലൂടെ രക്ഷപ്പെട്ടു. പിന്തുടർന്നെത്തിയ പട്ടാളക്കാർ കണ്ടത് കാവേരീ നദിയിലെ വെള്ളച്ചാട്ടത്തിന് മുകളിലായുള്ള ഒരു പാറയിൽ നിൽക്കുന്ന റാണിയേയാണ്.
അവർ പട്ടാളക്കാരോട് വിളിച്ച് പറഞ്ഞു. " പോയി നിങ്ങളുടെ അധിപനോട് പറയുക... ജീവിതത്തിൽ ഞങ്ങൾ പരാജിതരായി. പക്ഷേ മരണത്തിൽ ഞങ്ങളെ തോല്പിക്കാനാവില്ല. അഭിമാനം ഞങ്ങൾക്ക് ജീവിതത്തേക്കാൾ വിലപ്പെട്ടതാണ്, അതാണ് നിങ്ങൾ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നത് "
തുടർന്ന് മേൽ പറഞ്ഞ ശാപവചനങ്ങൾ ചൊരിഞ്ഞ ശേഷം അവർ താഴെ കാവേരിയുടെ ഒഴുക്കിൽ തന്നെ കാത്തിരിക്കുന്ന മരണത്തിലേക്ക് എടുത്തു ചാടി.
അനന്തര ഫലങ്ങൾ
ചരിത്രപ്രസിദ്ധമായ തലക്കാട് പട്ടണം പൂർണ്ണമായും മണൽക്കൂനകളാൽ മൂടപ്പെട്ടു, ജനവാസ യോഗ്യമല്ലാതെ ഉപേക്ഷിക്കപ്പെട്ടു. മണൽ കൂനകൾക്കിടയിൽ പല ക്ഷേത്രങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം.
കാവേരീ നദി മാലംഗി ഗ്രാമത്തിനടുത്ത് ശക്തമായ നീർച്ചുഴി ഉണ്ടാക്കുന്നു. ഗ്രാമത്തിന്റെ ഒരു ഭാഗം ഈ ചുഴിയിലകപ്പെട്ട് ഇല്ലാതായിരിക്കുന്നു.
മൈസൂർ രാജവംശത്തിൽ ഒന്നിടവിട്ട തലമുറയിൽ സന്താനഭാഗ്യം ഇല്ലാതായി. അവകാശികളെ ടുക്കേണ്ട അവസ്ഥ വന്നുകൊണ്ടിരിക്കുന്നു. ഇപ്പൊ നിലവിലുള്ള രാജാവും ദത്തിലൂടെ പദവിയിലെത്തിയ ആളാണ്.
പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരും യുക്തിവാദികളും പലവിധ വിശദീകരണങ്ങൾ നിരത്തുന്നു. ആദ്യ രണ്ട് ഭാഗങ്ങൾ ഭൂമി ശാസത്രവും പ്രകൃതിയിലെ മാറ്റങ്ങളും ഉപയോഗിച്ച് വിശദീകരിക്കാം.
തലക്കാട് കാവേരീ തീരത്തുള്ള ചരിത്ര പ്രസിദ്ധമായ സ്ഥലമാണ്. 1336 ൽ വിജയനഗര സാമ്രാജ്യത്തിലെ മന്ത്രി മാധവ മന്ത്രി കാവേരിയിൽ തലക്കാടിനു നേരെ മുകളിലായി ഒരു തടയണ നിർമ്മിച്ചതായി പറയുന്നു. തത്ഫലമായി തലക്കാട് ഭാഗത്ത് കാവേരിയിൽ നീരൊഴുക്ക് കുറയുകയും നദീതടത്തിൽ കാലങ്ങളായി അടിഞ്ഞു കൂടിയ മണൽതിട്ടകൾ വെളിപ്പെടുകയും ചെയ്തിരിക്കാം. പ്രദേശത്ത് അനുഭവപ്പെടാറുള്ള ശക്തമായ കാറ്റ് ഈ മണൽ തരികളെ തലക്കാട് ഭാഗത്തേക്ക് പറത്തി അവിടെ നിക്ഷേപിച്ചതാവാം. വർഷത്തിൽ 7 മുതൽ 10 അടി വരെ ഇങ്ങനെ മണൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടാവാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഭൂമി ശാസ്ത്ര പരമായ ചില വ്യതിയാനങ്ങളാൽ മലംഗിയിൽ വെച്ച് കാവേരി നദി വഴി തിരിഞ്ഞ് പോകുന്നതാണ് നീർ ചുഴി രൂപപ്പെടാൻ കാരണമായി പറയുന്നത്. കാവേരീ നദിയിൽ പലയിടത്തായി പെട്ടെന്നുള്ള വളവുകൾ കാണാം. അത്തരമൊരു വളവിന്റെ ഇരുകരകളിലായാണ് തലക്കാടും മലംഗിയും സ്ഥിതി ചെയ്യുന്നത്. മലംഗിയുടെ ഭാഗത്തുണ്ടാവുന്ന ശക്തമായ ഒഴുക്ക് കാരണം മണ്ണിടിച്ചിലുണ്ടാവുന്നു. അങ്ങനെ മാലംഗിയെ സാവകാശം കാവേരി വിഴുങ്ങി കൊണ്ടിരിക്കുന്നു.
മൂന്നാമത്തെ കാര്യമാണ് ഈ ശാപകഥ വിശ്വസിക്കാൻ പലരേയും പ്രേരിപ്പിക്കുന്നത്. എന്തു കൊണ്ട് മൈസൂർ രാജവംശത്തിൽ അവകാശികൾ ഉണ്ടാവുന്നില്ല. അവകാശികളേ ഉണ്ടാവരുതെന്നാണ് റാണിയുടെ ശാപം. പിന്നെ ഒന്നിടവിട്ടുള്ള തലമുറകൾ മാത്രം എന്ത് കൊണ്ട് ബാധിക്കപ്പെടുന്നു. അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹ ബന്ധമായിരിക്കാം ഈ സന്താന രാഹിത്യത്തിന് കാരണമെന്ന് പറയപ്പെടുന്നു. ജനിതക ശാസ്ത്രത്തിൽ ഇതിനെ " inbreeding depression " എന്ന് വിളിക്കുന്നു. 19 രാജാക്കൻമാരിൽ 10 പേർക്കേ അവകാശികളില്ലാതുള്ളൂ എന്നതും ശ്രദ്ധേയമാണ്.
ഇത്തരം വിശദീകരണങ്ങൾക്കെല്ലാം അതീതമായി നാനൂറ് വർഷങ്ങൾക്കിപ്പുറവും ഈ ശാപകഥ യാഥാർത്ഥ്യമാണ് എന്ന് വിശ്വസിക്കുന്നവരാണ് കൂടുതലും എന്നതാണ് സത്യം.
കടപ്പാട്: Talk Magaine. Several articles and blogs on the Subject. Friends from Karnataka.
No comments:
Post a Comment