ദാഹവും ചൂടുമേറുമ്പോൾ സർവതുംമറന്ന് ശീതളപാനീയങ്ങളിൽ അഭയം തേടുന്നവർക്ക് ഡോക്ടർമാരുടെ 'ജാഗ്രതാനിർദേശം'! പാനീയത്തിന് ശീതളിമ പകരാൻ ഉപയോഗിക്കുന്ന ഐസിൽ നിന്ന് ഗുരുതരമായരോഗങ്ങൾക്കുവരെ സാദ്ധ്യതയുണ്ടെന്നാണ് നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്.
മത്സ്യങ്ങൾ കേടാവാതിരിക്കാൻ ഉപയോഗിക്കുന്ന അമോണിയ കലർന്ന ഐസ് ശീതളപാനീയങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗമാണ് കണ്ടെത്തിയത്. രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങൾ ഇത്തരം ഐസ് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവും. മുൻപ് പാനീയങ്ങൾ തണുപ്പിക്കുന്നതിന് ശുദ്ധമായ ഐസ് ഫാക്ടറികളിൽ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇതിന് ചെലവ് കൂടുതലായതിനാൽ ഭൂരിഭാഗം ഫാക്ടറികളിലും ഈ ഐസിന്റെ ഉൽപാദനം നിർത്തുകയായിരുന്നു. ഇതോടെ പല ശീതളപാനീയ കടകളിലും മത്സ്യസംസ്‌കരണ മേഖലയിൽ ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ ഐസ് ഉപയോഗിക്കാൻ തുടങ്ങി. ബോർവെല്ലിൽ നിന്നെടുക്കുന്ന ജലം ശുദ്ധീകരിക്കാതെയാണ് ഇവ നിർമിക്കുന്നത്.
വർഷങ്ങൾക്കുമുമ്പ് ഇത്തരം ഐസുകൾ ശീതീകരണത്തിന് ഉപയോഗിക്കുന്ന കടകൾക്കെതിരെ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചിരുന്നു. എന്നാൽ പരിശോധന അയഞ്ഞതോടെ ഗുണനിലവാരമില്ലാത്ത ഐസ് ശീതള പാനീയ കടകളിൽ വീണ്ടും എത്തിത്തുടങ്ങി. അമോണിയ കലർന്ന ഐസ് ഉപയോഗിക്കുന്ന കടകൾക്കെതിരെ ഫുഡ് സേഫ്റ്റി ആൻഡ് സാനിട്ടേഷൻ ആക്ട് പ്രകാരം കേസെടുക്കുമെന്നും പിഴയോ ക്രിമിനൽ നടപടിയോ സ്വീകരിക്കുമെന്നും ഫുഡ് സേഫ്റ്റി വിഭാഗം അറിയിച്ചു. ഡിസംബർ ഒന്നുമുതൽ പരിശോധന കർശനമാക്കാനാണ് തീരുമാനം.
ഉദരവ്യവസ്ഥയെ ബാധിക്കും
അമോണിയ കലർന്ന ഐസിന്റെ ഉപയോഗം ഉദര വ്യവസ്ഥയെയും ദഹനത്തെയും ബാധിക്കും. കൂടാതെ ആമാശയത്തിൽ വ്രണങ്ങളും ഉണ്ടാകും. ദഹനക്കേട്, ഛർദി, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്കും സാദ്ധ്യതയുണ്ട്. തുടർച്ചയായി ഇവ ഉള്ളിൽ ചെന്നാൽ രക്തകോശങ്ങളുടെ ഉൽപാദനത്തെ ബാധിക്കാനും അർബുദത്തിനുവരെ വഴിയൊരുക്കാനും സാദ്ധ്യതയുണ്ടെന്ന് ആലപ്പുഴ മെഡി. കോളേജിലെ അഡീഷണൽ പ്രൊഫ. ഡോ.ബി.പത്മകുമാർ പറഞ്ഞു.
തെർമോകോൾ പെട്ടികൾക്കും പിടിവീഴും
കടകളിൽ ഉപയോഗിക്കുന്ന ഐസ് ഏതിനത്തിൽപ്പെട്ടതാണെന്ന് കാഴ്ചയിൽ മനസിലാവില്ലെന്നതിനാലാണ് ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നത്. തെർമോകോൾ ബോക്സിനുള്ളിൽ ഐസ് സൂക്ഷിക്കുന്നതും പുതിയ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. എന്നാൽ ചെറുകിടക്കാരുടെ കടകളിൽ ഇപ്പോഴും 'ഫ്രിഡ്ജ്' ആയി ഉപയോഗിക്കുന്നത് തെർമോകോൾ പെട്ടികളാണ്. ചില കടക്കാർ പെട്ടിയിലെ ഐസ് പൊട്ടിച്ച് പാനീയങ്ങളിൽ ചേർക്കുമ്പോൾ മറ്റുചിലർ കുപ്പികളിലെ പാനീയങ്ങൾ തണുപ്പിക്കുന്നത് പെട്ടിയിലെ ഐസിനിടയിലാണ്. അതുകൊണ്ടുതന്നെ ഇത്തരം കടകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് തെർമോകോൾ പെട്ടികൾ. എന്നാൽ ഡിസംബർ ഒന്നുമുതൽ നടക്കുന്ന പരിശോധനയിൽ തെർമോകോൾ പെട്ടികൾക്കും പിടിവീഴും.
via @ keralakaumudi.
No comments:
Post a Comment