വേദങ്ങൾ ക്രമാനുസരണമാക്കിയ വേദവ്യാസനാണ് പഞ്ചമവേദമായ മഹാഭാരതം എഴുതിയത്. മഹാഭാരതത്തിന്റെ മറ്റൊരു പേരാണ് പർവ്വം. മറ്റു ഗ്രന്ഥങ്ങളിൽനിന്ന് വ്യത്യസ്തമായി പതിനെട്ടു പർവ്വങ്ങളിലായി അതിബ്രുഹത്തായ ഈ ഗ്രന്ഥം രചിച്ചതിനാൽ ഇതിനു ഈ പേര് ലഭിച്ചു. മഹാഭാരതം ഒരു ഗ്രന്ഥമാണ്. അതിനുകാരണം പാദം ഒന്നിൽ എട്ടക്ഷരംവീതം നാലു പാദങ്ങളിലായി 32 അക്ഷരം അടങ്ങിയ ഒരു ശ്ലോകത്തിന് 'ഗ്രന്ഥം' എന്നു പറയുന്നു. മഹാഭാരതത്തിൽ ഒരുലക്ഷത്തിഇരുപത്തായ്യായിരത്തിലധികം ഗ്രന്ഥങ്ങളടങ്ങിയിട്ടുണ്ട്.
വേദങ്ങളും പുരാണങ്ങളും എല്ലാം എഴുതിയ വേദവ്യാസൻ സകല ഉപനിഷത് സാരവും, സകല വേദാന്ത തത്വങ്ങളും ഉൾക്കൊള്ളിച്ചു തയ്യാറാക്കിയതാണ് ഭാരതം. ഒടുവിൽ അദ്ദേഹം പറഞ്ഞു, "ഇതിലില്ലാത്തതൊന്നും ലോകത്ത് കാണുകില്ല. ഇതിലുള്ളതുമാത്രമേ നിങ്ങൾക്കെവിടെയും കാണാൻ കഴിയൂ."
"യദിഹാസ്തി തദന്യത്ര
യന്നേഹാസ്തി ന തത് ക്വചിത്."
ഇതുപോലെ മറ്റൊരു കവിയും പറഞ്ഞിട്ടില്ല. അതിനാൽ ഇതൊരു സമഗ്രമായ ഗ്രന്ഥമാണെന്ന് പറയുന്നു. ഇതിലെ പ്രധാന പ്രതിപാദ്യം ദുര്യോധനാദികളായ കൌരവരുടെയും പാണ്ഡവരുടെയും കഥകളാണ്.
മഹാഭാരതത്തിന്റെ രചനാസന്ദർഭത്തിൽ വ്യാസൻ മഹാഭാരതത്തിനു നൽകിയ പേരാണ് 'ജയം'
ശ്രീമദ് ഭഗവദ്ഗീത ഉൾക്കൊള്ളുന്ന മഹദ്ഗ്രന്ഥമാണ് മഹാഭാരതം. ഭീഷ്മപർവ്വത്തിൽ 24 മുതൽ 42 വരെ 18 അദ്ധ്യായങ്ങളിലായി ഗീത ചേർത്തിരിക്കുന്നു. ഇത് മഹാഭാരതത്തിലെ ലോകാദരണീയമായ ഭാഗം ആണ്.
ഹിന്ദുക്കളിൽ ഏറ്റവും കൂടുതൽ ആളുകൾ ഏറ്റവും കൂടുതൽ പ്രാവശ്യം ഈശ്വരപൂജക്ക് ഉപയോഗിക്കുന്ന വിഷ്ണുസഹസ്രനാമം മഹാഭാരതത്തിലെയാണ്. ശിവസഹസ്രനാമവും, യുദ്ധജയത്തിനു അർജുനൻ ചൊല്ലുന്ന ദേവീസ്ത്രോത്രവും ഭാരതത്തിലുണ്ട്. ദക്ഷന്റെ ശിവസ്തുതിയും പ്രസിദ്ധമാണ്.
ഇത്രമാത്രം വൈശിഷ്ട്യമുള്ള മഹാഭാരതം നിത്യപാരായണത്തിനു എടുക്കാറില്ല. കാരണം, മഹാഭാരതത്തിൽ യുദ്ധവർണ്ണനയാണ് കൂടുതലെന്നും, നിത്യപാരായണം നടത്തിയാൽ അവിടെ കലഹവും യുദ്ധവും ഉണ്ടാകുമെന്നുള്ള വിശ്വാസം നിമിത്തം പലരും നിത്യപാരായണം ചെയ്യാറില്ല.
ഓരോ ദിവസവും യുദ്ധത്തിനുപോകുംമുമ്പ് അമ്മയെ വണങ്ങുന്ന ദുര്യോധനന് അമ്മ ഗാന്ധാരി നൽകിയിരുന്ന ഉപദേശം, "യതോ ധർമ്മസ്തതോ ജയ:" "എവിടെ ധർമ്മമുണ്ടോ അവിടെ ജയമുണ്ടാകും" എന്നാണ്. എത്ര മഹനീയമായ, മാതൃകാപരമായ ഉപദേശം!
പരീക്ഷിത്തിന്റെ പുത്രനായ ജനമേജയൻ തക്ഷശിലയിൽവെച്ച് നടത്തിയ സർപ്പസത്രം അവസാനിപ്പിച്ച അവസരത്തിൽ, അനവധി മഹർഷിമാരടങ്ങിയ ഒരു ഭക്തസദസ്സിൽവെച്ച് വൈശമ്പായനമഹർഷി പറഞ്ഞതാണ് മഹാഭാരതകഥ. വൈശമ്പായനന്റെ ഭാരതകഥാകഥനവേളയിൽ സന്നിഹിതനായിരുന്ന ഉഗ്രശ്രവസ്സെന്ന സൂതൻ പിന്നീട് ശൗനകാദി മഹർഷിമാർക്ക് മഹാഭാരതകഥ നൈമിശ്യാരണ്യത്തിൽവെച്ച് ഉപദേശിച്ചുകൊടുത്തു.
കടപ്പാട്- ശ്രീ രാജശേഖരന്‍ നായര്‍
No comments:
Post a Comment