13/12/2014

മുരുകനും വള്ളിയും ദേവയാനിയും

തമിഴ്‌നാട്ടില്‍ ചിന്നവീട് എന്നൊരു സമ്പ്രദായമുണ്ട്...ഒരു ഭാര്യ നിലവിലുള്ളപ്പോള്‍ മറ്റൊരു ചെറുപ്പക്കാരിയെക്കൂടി ഭാര്യയാക്കിവെക്കുക. ചിന്നവീട് എന്നത് യഥാര്‍ത്ഥത്തില്‍ പെരിയവീട് തന്നെയാണ്...

രാമനാഥപുരത്തെ മുരുകന്‍ മുനിസ്വാമിയെ അവിടുത്തുകാര്‍ക്കെല്ലാം പരിചയമുണ്ട്. അയാള്‍ക്ക്‌ രണ്ടു പോണ്ടാട്ടിമാരുണ്ട്. മുരുകന്റെ ഭക്തനാണ് മുനിസ്വാമി. വീട്ടില്‍ മുരുകന്റെ പ്രതിഷ്ടയുണ്ട്. മുരുകനെ രണ്ടു പത്നിമാരുള്ളത് വിവരം അറിയാമല്ലോ. മുരുകന്റെ ഇരുവശങ്ങളിലായി നില്‍ക്കുന്ന ചിത്രങ്ങളും സാദാരണയാണ്. ഇത്രമാത്രം പരസ്യമായി രണ്ടു ഭാര്യമാരുടെ നടുവില്‍ മുരുകന് നില്‍ക്കാമെങ്കില്‍ മുരുകന്‍ മുനിസ്വാമിക്ക് ഒരു ചിന്നവീട് ഉണ്ടാകുന്നതില്‍ തെറ്റുണ്ടോ...?

തെറ്റുണ്ട്.. മനുഷ്യശരീരത്തിനകത്തു നടക്കുന്ന താന്ത്രിക രഹസ്യങ്ങളെയാണ് ഋഷിമാര്‍ കഥാപാത്രങ്ങളാക്കി പറഞ്ഞുവെച്ചത്‌. മുരുകന്‍ നാം തന്നെയാണ്. ഉയര്‍ന്നു നില്‍ക്കുന്നവന്‍ ആണ് മനുഷ്യന്‍..അവന്റെത്‌ ഊര്‍ദ്ധ്വമുഖ വ്യകതിതമായിരിക്കണം... ആളുന്നതിനെയാണ് ആള്‍ എന്ന് വിളിക്കുന്നത്‌... വിളക്കിന്റെ തിരി മുകളിലേക്ക് ആണ് ആളുക. അത് ഒരിക്കലും താഴോട്ട് വരികയില്ല. ഒരു വ്യക്തിയെ ഇങ്ങനെ കുത്തനെ നിര്‍ത്തുന്നത് സുഷുമ്ന എന്ന നാഡിയാണ്.

സുഷുമ്നനാഡിയാണ് മുരുകന്‍. ഈ നാഡിക്ക് ചുറ്റും ഇഡ, പിംഗള എന്നീ രണ്ടു നാഡികളുണ്ട്. ഒന്ന് ചന്ദ്രനാഡിയാണ്. മറ്റേതു സൂര്യനാഡിയും. സുഷുമ്നയെ ചുറ്റി നില്‍ക്കുന്ന സൂര്യ നാഡിയും ചന്ദ്ര നാഡിയുടെയും പ്രതീകമായിട്ടാണ്‌ പുരാണത്തില്‍ വല്ലിയെയും ദേവയാനിയെയും ചിത്രീകരിച്ചിരിക്കുന്നത്. സൂര്യന്‍ ബുദ്ധിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു...ചന്ദ്രന്‍ മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. മനസ്സും ബുദ്ധിയും ഏകീകരിച്ചു പ്രവര്‍ത്തിക്കുമ്പോളാണ് ഉയര്ച്ചയുണ്ടാവുക.

വള്ളിദേവയാനിമാരോടോത്ത് നില്‍ക്കുന്ന മുരുകന്റെ ചിത്രം കാണുമ്പോള്‍ അതിന്റെ ശാസ്ത്രീയമായ അര്‍ത്ഥമെന്നു ചിന്തിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. അവനവന്‍ കാണിക്കുന്ന തോന്ന്യാസങ്ങള്‍ക്ക് ന്യായീകരണമായി പുരാണകഥകളെ ഉദ്ധരിക്കുന്നത് ശരിയല്ല...

സ്വന്തം ബുദ്ധിയെ ഊര്‍ദ്വമുഖമാക്കി മാറ്റാന്‍ മനസ്സിനെയും ബുദ്ധിയും സമതുലിതാവസ്ഥയില്‍ നിര്‍ത്തുക എന്ന തത്വം മുരുകനില്‍നിന്നു പഠിക്കുന്നത്തിനു പകരം ഭാര്യമാര്‍ രണ്ടാകാം എന്ന് മനസിലാക്കിയ മുരുകന്‍ മുനിസ്വാമിമാര്‍ എന്നും സമൂഹത്തിലെ അപഹാസ്യ കഥാപാത്രങ്ങളായിരിക്കും....

No comments: