ബാബാസാഹേബ് അംബേദ്കറിന്റെ പ്രേരണയാല്‍ അവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ട ലക്ഷക്കണക്കിനു ഹിന്ദുക്കള്‍ ബുദ്ധമതം സ്വീകരിക്കുന്നതിനു എത്രയോ ദശകങ്ങള്‍ക്കുമുമ്പുതന്നെ അധഃസ്ഥിതരായ ഹിന്ദുക്കളുടെ വിമോചനത്തിനുള്ള രാജമാര്‍ഗ്ഗമായി മതപരിവര്‍ത്തനത്തിനെ കരുതിയിരുന്ന ഒരു വിഭാഗം ആളുകള്‍ കേരളത്തിലുണ്ടായിരുന്നു. അന്നു കേരളത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയിന്‍ കീഴില്‍ ഈഴവസമുദായം അനുഭവിച്ചിരുന്ന കഷ്ടപ്പാടുകള്‍ക്കു പലതരത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ പല ഭാഗത്തു നിന്നും നിര്‍ദ്ദേശിക്കപ്പെടുകയുണ്ടായി. ഈഴവര്‍ അപ്പാടെ ബുദ്ധമതത്തില്‍ ചേരണമന്നും ക്രിസ്തുമതം സ്വീകരിക്കണമെന്നും ഇസ്ലാംമതം എന്തുകൊണ്ട് ആയിക്കൂടാ എന്നും ഹിന്ദു മതത്തില്‍ തന്നെ തുടരണമന്നും ഉള്ള നിര്‍ദ്ദേശങ്ങള്‍ സജീവമായ സംവാദങ്ങള്‍ക്കു വിഷയമായി. ഓരോ വാദഗതിക്കും അതതിന്റേതായ യുക്തിയും ന്യായവുമുണ്ടായിരുന്നു. കുമാരനാശാന്‍ തികഞ്ഞ പ്രായോഗിക ബുദ്ധിയോടെ സുചിന്തിതമായ ചില നിഗമനങ്ങള്‍ അന്നു അവതരിപ്പിച്ചു. അതിനെ വിമര്‍ശിച്ചുകൊണ്ട് മിതവാദി പത്രത്തില്‍ വന്ന പ്രതികരണങ്ങള്‍ക്ക് കുമാരനാശാന്‍ എഴുതിയ മറുപടിയാണ് “മതപരിവര്‍ത്തനരസവാദം” എന്ന ഈ ലഘുപ്രബന്ധം.
അതെഴുതപ്പെട്ട് ഏകദേശം ഒരു നൂറ്റാണ്ടടുത്തിട്ടും, ഇന്നും ഇതിലെ വാദമുഖങ്ങള്‍ക്കുള്ള പ്രസക്തി അല്പം പോലും നഷ്ടമായില്ലെന്നത് കുമാരാനാശാന്റെ പ്രായോഗികവീക്ഷണത്തിന് ഉത്തമോദാഹരണമാണ്. ഇതിലെ ചില പ്രസക്തഭാഗങ്ങള്‍ ഉദ്ധരണികളായി താഴെ ചേര്‍ക്കുന്നു.
“ക്രിസ്ത്യാനിമതത്തില്‍ ചേര്‍ന്ന പുലയരും പറയരും നമ്മുടെ നാട്ടില്‍ പലേടത്തും ഉണ്ട്. മതപരിവര്‍ത്തന “രസവാദം” ആ കാരിരുമ്പുകളെ ഇനിയും തങ്കമാക്കീട്ടില്ല.”
“ബുദ്ധമതത്തെപ്പറ്റി നിങ്ങള്‍ പറയുമ്പോഴൊക്കെ അതിന്റെ നിര്‍ദ്ദോഷഭാഗങ്ങളെ മാത്രവും, ഹിന്ദുമതത്തെപ്പറ്റി പറയുമ്പോള്‍ ദോഷാംശങ്ങളെ മാത്രവും ഉദാഹരിക്കുന്നതായി കാണുന്നു. ഈ താരതമ്യവിവേചനരീതി ശാസ്ത്രീയമോ ധര്‍മ്മ്യമോ അല്ല. ഇത് അറിയാതെ വരുന്നതാണെങ്കില്‍ പരിഹരിക്കേണ്ടുന്ന ന്യൂനതയും, അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണെങ്കില്‍ നിന്ദ്യമായ ഒരു അപരാധവും ആകുന്നു.”
“സമുദായത്തിലെ പ്രത്യേകാംഗങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി മതം മാറാന്‍ തോന്നുമ്പോള്‍ അങ്ങനെ ചെയ്യുന്നതിന് എനിക്ക് വിരോധമില്ലെന്ന് എന്റെ പ്രസംഗത്തില്‍ത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ചട്ട മാറുംവണ്ണം മതം മാറാന്‍ ഉപദേശിക്കരുതെന്നു ഞാന്‍ പറയുന്നത് സമുദായത്തെ ഉദ്ദേശിച്ചാണ്. ക്ഷേത്രം കെട്ടാന്‍ മരം ചുമന്ന വേദന ഇതുവരെ ആറീട്ടില്ലാത്ത ചുമലില്‍ വിഹാരംപണിക്ക് കല്ലു ചുമക്കാന്‍ ധൃതിപ്പെട്ടാല്‍ സാധുക്കള്‍ കുഴങ്ങുമെന്നു മാത്രമേ അതിന്നര്‍ത്ഥമുള്ളു.”
“ദുരവസ്ഥയിലോ ചണ്ഡാലഭിക്ഷുകിയിലോ എന്നല്ല എന്റെ ഏതെങ്കിലും കൃതികളില്‍ മതത്തെ ഉപലംഭിച്ചു ഞാന്‍ ചെയ്യുന്ന നിര്‍ദ്ദേശങ്ങളെല്ലാം മതപരിഷ്ക്കരണത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടാണെന്നും പരിവര്‍ത്തനത്തെ മുന്‍നിറുത്തിയല്ലെന്നും നിഷ്ക്കര്‍ഷിച്ചു വായിച്ചുനോക്കുന്ന ആര്‍ക്കും അറിയാമെന്നാണ് എന്റെ ധാരണ. പരിഷ്ക്കരണത്തില്‍ എന്റെ ആദര്‍ശം മുമ്പു പറഞ്ഞിട്ടുള്ള “ഒരു ജാതി, ഒരു മതം, ഒരു ദൈവം” എന്നുള്ള ശ്രീനാരായണമതം ആണെന്ന് ഞാന്‍ ഒരിക്കല്‍ക്കൂടി പറഞ്ഞേക്കാം.”
ഇവിടെ ഒരു വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ട്. ബുദ്ധമതത്തിലേക്ക് ഈഴവരെ തെളിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ ഹിന്ദു മതത്തിലെ ജാതിയെ ആണ് കുറ്റം പറയുന്നത്. ഭരണ ഘടനയും മറ്റു നിയമങ്ങളും ജാതീയമായ സകല അനീതികള്‍ക്കും അതി ശക്തമായ പ്രതിവിധിയായി നിലകൊള്ളുന്നുണ്ട് ഇന്ന്. അങ്ങനെ ഉള്ളപ്പോള്‍ പിന്നെ എന്താണ് ഇങ്ങനെ ചെയ്യുന്നത് എന്ന് സ്വാഭാവികമായി സംശയം ഉണ്ടാകും. പിന്നാക്ക ദളിത വിഭാഗങ്ങളില്‍ കുറച്ചു കാലമായി ഒരു ഉണര്‍വും യോജിപ്പും ഉണ്ടായി വരുന്നതിനെ തുരങ്കം വെക്കാനല്ലേ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു. സംവരണം അട്ടിമറിക്കുക എന്ന നിഗൂഡ ലക്ഷ്യവും ഇതിനു പിന്നില്‍ ഉണ്ട്. തമ്മില്‍ ശത്രുതയുള്ള നൂറിലധികം ജാതിവിഭാഗങ്ങള്‍ ബുദ്ധമതത്തില്‍ ഉണ്ടെന്നതും ഒരു അറിയേണ്ട തമാശയാണ്.
ജാതീയതക്കെതിരെ ഉള്ള ഏറ്റവും നല്ല മാതൃക ശ്രീനാരായണ ഗുരു ആയിരിക്കെ, 2500 വര്ഷം പഴക്കമുള്ള നിരീശ്വര മതമായ ബുദ്ധമതത്തിലേക്ക് ഈ സമൂഹത്തെ തള്ളിവിടാനുള്ള നാലഞ്ച് കുബുദ്ധികളുടെ അപകടമായ ശ്രമം സംശയ ദൃഷ്ടിയോടെയെ കാണാന്‍ കഴിയൂ.. ഈ Sponsored Program ശ്രീനാരായണ മഹാഗുരു കനിഞ്ഞു തന്ന ദര്‍ശനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്ന് തികച്ചും സംശയിക്കേണ്ടിയിരിക്കുന്നു.. ഈഴവ സമൂഹവും ഗുരു ഭക്തരും വളരെ ശ്രദ്ധിക്കുക.
മൊത്തത്തില്‍ പിന്നാക്ക ദളിത വിഭാഗത്തിലെ സഹോദരങ്ങള്‍ വളരെ കരുതലോടെ മുന്നേറാന്‍ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു..
കുമാരനാശാന്‍ കൃതികള്‍ ഉദ്ധരിച്ച് മതം മാറ്റല്‍ തുറുപ്പുചീട്ട് ഇറക്കുന്ന ആളുകള്‍ (കുബുദ്ധികള്‍) ഇനി വേറെ വല്ല വഴി നോക്കുന്നതാണ് ഉചിതം..
No comments:
Post a Comment