08/08/2016

Dr. P. Palpu. (പൽപ്പു / പദ്മനാഭൻ) LMS, DPH (Cantab) FRIPH (London) (2 November 1863 - 25 January 1950)

1886ലെ ഓണക്കാലം. മദിരാശി നഗരത്തിലെ മലയാളികൾ ഒരുക്കങ്ങൾ കൂട്ടുകയാണ്. തെരുവോരങ്ങൾ ജനനിബിഢം. തിരക്കിനിടയിൽ തന്റെ നേർക്ക് കരുണയോടെ നോക്കുന്ന ഒരു മുഖമെങ്കിലും കാണുന്നുണ്ടോ എന്നു തെരഞ്ഞുനടക്കുകയാണ് ഒരു ചെറുപ്പക്കാരൻ. ആള് തിരുവനന്തപുരം

സ്വദേശിയാണ്; പേര് പല്പു. നാട്ടിലെ ഓണം നഷ്ടമായതിന്റെ വിഹ്വലതയല്ല ആ യുവാവിനെ അലട്ടുന്നത്. പിറ്റേന്നുരാവിലെ മെഡിക്കൽ കോളേജിൽ ഫീസ് കെട്ടണം. അതിന് ആരെങ്കിലും കനിഞ്ഞേ തീരൂ. രാവ് മുഴുവൻ ഉറക്കമിളച്ചുള്ള പഠനം. പകൽ പഠനം തുടരാൻ ആശ്രയംതേടി ഊരുതെണ്ടൽ. നേരാംവണ്ണം ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. പഴകിയ മുണ്ടും ഉടുപ്പുമാണ് വേഷം. നാട്ടിൽ എത്രയോ ഏഴച്ചെറുമക്കൾ തമ്പ്രാന് ഓണമുണ്ണാൻ നെല്ലുണ്ടാക്കി പത്തായം നിറച്ചുകൊടുത്തിട്ട് അടുക്കളവട്ടത്ത് ഭാര്യയും കുട്ടികളുമായി മണ്ണിൽ കുഴികുത്തി ഇലയുംവച്ച് ഓണസദ്യയ്ക്ക് കാത്തിരിപ്പുണ്ടാവും! ആ കുഴിക്കുള്ളിൽനിന്ന് ഇലയെടുത്ത് അകത്തളത്തിൽ ഇട്ട് അവർ ഉണ്ണാനിരിക്കുന്ന ഒരു കാലമാണ് യുവാവിന്റെ സ്വപ്നം. ആദ്യം സ്വയം പഠിക്കണം. പിന്നെ ഏഴകളെ വിളിച്ചുണർത്തണം. അതോർത്തപ്പോൾ വിശപ്പുമറന്നു. സൂര്യൻ ചാഞ്ഞുതുടങ്ങുംവരെ പലവീടുകളിലും കയറിച്ചെന്ന് കൈനീട്ടി. വൈകുന്നേരമായതോടെ ഫീസിനുള്ള തുക കിട്ടി. അത്രയും നേരം ശരീരത്തിലെവിടെയോ മറഞ്ഞിരുന്ന വിശപ്പുവന്ന് കുടലിനെ ചൂളിക്കാൻ തുടങ്ങി. കാലുകൾക്ക് വല്ലാത്ത തളർച്ച. ഒരടിപോലും മുന്നോട്ടുവയ്ക്കാനാവാതെ മുന്നിൽക്കണ്ട ഒരു ക്രിസ്ത്യൻ പള്ളിയുടെ പടിക്കെട്ടിൽ ഇരുന്നു. തലയുയർത്താൻ വയ്യാത്തവിധം ക്ഷീണം. ഇതെല്ലാം സൈക്കിളിൽ റൊട്ടിക്കച്ചവടം നടത്തിയിരുന്ന ഒരു തമിഴൻ ദൂരെ നിന്ന് കാണുന്നുണ്ടായിരുന്നു. അയാൾ കൂടയിൽനിന്ന് ഒരു റൊട്ടിയെടുത്ത് നീട്ടി. "എനിക്ക് റൊട്ടി ആവശ്യമില്ല. ദയവുചെയ്ത് കൊണ്ടുപോകൂ.' റൊട്ടിയല്ല കല്ലുകിട്ടിയാലും തിന്നാനുള്ള വിശപ്പുണ്ട്. കൈയിൽ പണവുമുണ്ട്. പക്ഷേ അത് ഫീസടയ്ക്കാനായി പലരോടുവാങ്ങിയതാണ്. അതിൽനിന്ന് ഭക്ഷണത്തിന് പണമെടുക്കുന്നത് തെറ്റുതന്നെയാണ്. ആ നിരാസംകണ്ട് റൊട്ടിക്കാരൻ പിന്തിരിഞ്ഞില്ല: "ഇത് നിനക്കായി ദൈവം എന്നെ ഏല്പിച്ചതാണ്.' അയാളുടെ കണ്ണുകളിലെ കാരുണ്യം കണ്ണീർക്കണത്തോട് തിളക്കം കടം ചോദിക്കുന്നത് പല്പു കണ്ടു. ഫീസടച്ചിട്ട് റൊട്ടിയുടെ പണംകൊടുത്ത് നന്ദിപറയാൻ പിറ്റേന്ന് പട്ടണം മുഴുവൻ തെരഞ്ഞിട്ടും അയാളെ കണ്ടെത്താനായില്ല.

മദിരാശിയിലെ പഠനം പേരിനൊപ്പം ഡോക്ടർ എന്ന വിശേഷണം ചേർത്ത ദിവസവും പണ്ടൊരു തിരുവോണനാളിൽ തനിക്കുമുന്നിൽ റൊട്ടിയുമായി വന്ന ആ ദേവദൂതനെ പല്പു തെരഞ്ഞുനടന്നു. മദിരാശി സർക്കാരിന്റെ സ്‌പെഷ്യൽ വാക്‌സിൻ ഡിപ്പോയിൽ സൂപ്രണ്ടായി കിട്ടിയ ജോലിയുടെ ആദ്യശമ്പളവുമായി ആ റൊട്ടിക്കാരനെ ഒരിക്കൽക്കൂടി അന്വേഷിച്ചു. അയാളുടെ നാമത്തിൽ എന്തെങ്കിലും പുണ്യപ്രവൃത്തിചെയ്യാനായി പിന്നത്തെ ശ്രമം. കുറേ കമ്പളിപ്പുതപ്പുകൾ വാങ്ങി അന്നേദിവസം കടത്തിണ്ണകളിൽ തണുത്തുവിറച്ചുകിടന്ന തെരുവിന്റെ മക്കളെ അവരറിയാതെ പുതപ്പിച്ചു, പല്പു. പില്ക്കാലത്ത് തിരുവിതാംകൂർ ദിവാനെയും സവർണയാഥാസ്ഥിതികരെയും പലതവണ നീതിയുദ്ധത്തിൽ പ്രതിസ്ഥാനത്തുനിറുത്തി വിറപ്പിച്ച പതിതകോടികളുടെ പടനായകൻ ഡോ. പല്പുവിന്റെ ആദ്യത്തെ സാമൂഹ്യസേവനമായിരുന്നു അത്. വിശക്കുന്നവനു മുന്നിൽ പിന്നെ കരുണയുടെ ആൾരൂപമായിത്തീർന്നു അദ്ദേഹം. ജോലിയും താമസവും ബാംഗ്ലൂർ പട്ടണത്തിലേക്ക് മാറിയപ്പോഴും പല്പു അഗതികളുടെ കൺകണ്ട ദൈവമായി. ഒരുപാട് കുഞ്ഞുങ്ങളെ തെരുവിൽനിന്നെടുത്തുകൊണ്ടുവന്ന് ആഹാരവും താമസവും നല്കി പഠിപ്പിച്ചു. സ്വജീവൻപോലും നോക്കാതെ മഹാമാരികളിൽനിന്ന് പലരെയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി.

മലയാളത്തിന്റെ എക്കാലത്തെയും അഭിമാനമായ വിശ്വമഹാകവി കുമാരനാശാൻ, പല്പു ചെലവുകൊടുത്ത് പഠിപ്പിച്ച നിരവധി ചെറുപ്പക്കാരിൽ ഒരാളായിരുന്നു. ജാതിപറഞ്ഞ് പഠനം നിഷേധിച്ചും അഥവാ പഠിച്ചാൽ ജോലികൊടുക്കാതെയും പലരെയും നിരാശരാക്കിയിട്ടുണ്ട് തിരുവിതാംകൂർ രാജഭരണം. മദിരാശിയിലോ മലബാറിലോ പോയി പഠിച്ചിട്ട് ബ്രിട്ടീഷ് സർക്കാരിൽ ജോലിവാങ്ങി അതുവഴി കടൽകടന്നവർ പലരുമുണ്ട്. പക്ഷേ ഡോ. പല്പു ബാംഗ്ലൂരിൽനിന്ന് തിരുവനന്തപുരത്ത് എത്തുമായിരുന്നു. അവർണർക്കും സർക്കാർ സർവീസിൽ പ്രവേശനംവേണം എന്നാവശ്യപ്പെട്ട് ഒരു മെമ്മോറിയൽ കൊടുക്കാൻ കൈയൊപ്പു ശേഖരിക്കാൻ നടന്ന കഥ പല്പു പിന്നീട് ടി.കെ. മാധവനോടു പറഞ്ഞിട്ടുണ്ട്. അതും ഒരു ഓണക്കാലത്തായിരുന്നു. കൈവിരൽ പിടിച്ച് ഒപ്പിടാൻ അറിയാത്തവരായിരുന്നു അന്ന് സമുദായത്തിൽ ഏറെയും. പല്പുവിന് ഒപ്പിട്ടുകൊടുത്താൽ പിന്നാലെ പൊലീസുവന്ന് അറസ്റ്റുചെയ്യും എന്നു പറഞ്ഞ് മാടമ്പികൾ ജനങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. താൻ ആർക്കുവേണ്ടിയാണോ കഷ്ടതകൾ സഹിക്കുന്നത് അതേ ജനത്തിന്റെ ആട്ടുംതുപ്പുമേറ്റ് പലയിടങ്ങളിൽനിന്നും ഓടിപ്പോരേണ്ടിവന്നിട്ടുണ്ടെന്ന് പല്പു പറഞ്ഞിട്ടുണ്ട്. വെളിച്ചം കടന്നെത്താത്ത കൊടുംകാട്ടിൽ തിരിനാളവുമായി ആദ്യം കടന്നുവരുന്നവന്റെ ദുരവസ്ഥയായിരുന്നു അത്.

പല്പു അജ്ഞാതനായ റൊട്ടിക്കാരന്റെ കാരുണ്യം ഏറ്റുവാങ്ങുന്ന സമയം ഇങ്ങ് കൊടിതൂക്കി മലയിൽ വിശപ്പും ദാഹവും വെടിഞ്ഞ് അവർണന് നിഷേധിക്കപ്പെട്ട ദൈവരഹസ്യം തെരയുകയായിരുന്നു ശ്രീനാരായണഗുരുദേവൻ. മാനവസേവയാണ് ശരിയായ മാധവസേവ എന്ന ഈശ്വരസങ്കല്പം പ്രാവർത്തികമാക്കുന്ന ദൗത്യത്തിൽ ഒറ്റയാൾ പോരാട്ടം നിറുത്തി ഡോക്ടർ പല്പു ഗുരുചരണങ്ങളിൽ ആശ്രയം തേടിയെത്തിയത് പില്ക്കാല ചരിത്രം. ഒരു മഹാനദിവന്ന് മഹാസാഗരത്തിൽ ലയിച്ച് അതിന്റെ വാനോളം ഉയരുന്ന തിരകളിൽ ഒന്നായി പരിണമിക്കുംപോലെയായിരുന്നു അത്. ജാതിയിൽ താണവന് വിദ്യാഭ്യാസവും ജീവിതവഴികളും നിഷേധിച്ചവർക്കെതിരെയും അവന്റെ പെണ്ണുങ്ങൾക്ക് മാറുമറയ്ക്കാനും ഉടലുരഞ്ഞുനോവാത്ത മിനുസമുള്ള വസ്ത്രം ധരിക്കാനും വേണ്ടി നടത്തിയ ധർമ്മസമരങ്ങളുടെ കഥകളുണ്ട് പിന്നീടിങ്ങോട്ട്.

ഈ കഥകളൊക്കെ ഏതോ പുരാതനകാലത്തെ കേട്ടറിവുകൾ മാത്രമാണിന്ന്. മാറിടം മറച്ച് വെളിയിലിറങ്ങാൻ സമരംചെയ്ത മലയാളിയുടെ പിൻമുറക്കാർ ദേഹവടിവുകൾ എവിടെയൊക്കെ തുറന്നുകാട്ടാം എന്ന് ചിന്തിച്ചു വിവശരാകുന്നു. ജാതിമേധാവികളോ മാടമ്പികളോ അടിച്ചേല്പിക്കുന്ന അടിമത്തം ഇന്നില്ല; പകരം വിദേശിയുടെ മദ്യവും അല്പവസ്ത്രവും വ്യഭിചാരവും ഇടകലർന്ന വൃത്തികെട്ട ജീവിതസങ്കല്പത്തോടുള്ള സ്വയംവരിച്ച വിധേയത്വം മാത്രം. ഡോ. പല്പുവിന്റെ ജീവിതം പഠിക്കുമ്പോൾ ബോദ്ധ്യമാകുന്ന വസ്തുതയുണ്ട്. ഗുരുസ്വാമിയുടെ മഹാസമാധിക്കുശേഷം 22വർഷം കൂടി അദ്ദേഹം ജീവിച്ചു. അക്കാലത്ത് പല്പു ജനമദ്ധ്യത്തിലെങ്ങുമില്ലായിരുന്നു. ഗുരുസ്വാമി തൃക്കരംകൊണ്ട് എടുത്തുനീക്കിയതൊക്കെയും തന്റെ ജനത മറുവഴിക്ക് തിരിച്ചെടുത്തുകൊണ്ടുവരുന്നതു കണ്ടു മടുത്തിട്ടാവാം പല്പു മൗനത്തിന്റെ മഹാവത്കലം പുതച്ചത്.

(സജീവ്‌ കൃഷ്ണന്‍ _ കേരളകൗമുദി)

GOPINATH